യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിലായി. കാർത്തികപ്പള്ളി വിഷ്ണുഭവനത്തിൽ വിഷ്ണു (29), പിലാപ്പുഴ വലിയതെക്കതിൽ ആദർശ് (30) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ രണ്ടിന് വൈകിട്ട് 3.30-ഓടെ ദേശീയപാതയിൽ വെട്ടുവേനി ജംഗ്ഷനിലെ തട്ടുകടയ്ക്കു സമീപമായിരുന്നു സംഭവം.
കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്ണു(26)വിനാണ് മർദനമേറ്റത്. തട്ടുകടയിൽനിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടയിൽ വിഷ്ണുവിനെ പ്രതികൾ തടഞ്ഞുനിർത്തി. ബീഫ് ഫ്രൈ പിടിച്ചുവാങ്ങി വിഷ്ണുവിനെ ആക്രമിച്ചശേഷം പ്രതികൾ കാറിൽക്കയറിപ്പോയതായും പൊലീസ് പറയുന്നു. ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എസ് ശ്യാംകുമാറിന്റെ മേൽനോട്ടത്തിലെ പ്രത്യേക സംഘമാണ് രണ്ടുപേരെയും പിടികൂടിയത്. എസ്.ഐ. ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ്, സിവിൽ പോലീസ് ഓഫീസർ എ. നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


















