കൊല്ലം: വീട് ജപ്തിക്ക് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്.
ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കരയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് മരിച്ച അഭിരാമി. ഇന്ന് വൈകിട്ട് കോളേജിൽ നിന്നും വീട്ടിലെത്തിയ ശേഷമാണ് ജപ്തി നോട്ടീസ് പതിച്ച വിവരം കുട്ടിയറിഞ്ഞത്. നാല് വർഷം മുമ്പാണ് വീടുപണിക്ക് വേണ്ടി കുടുംബം കേരളാ ബാങ്കിന്റെ പതാരം ബ്രാഞ്ചിൽ നിന്നും 10 ലക്ഷം രൂപ വായ്പ്പ എടുത്തത്. ഇതാണ് പലിയടക്കം തിരിച്ചടവ് മുടങ്ങിയതോടെ ജപ്തിയിലേക്ക് എത്തിയത്.


















