ആറ്റിങ്ങൽ: അമ്പലമുക്ക് വാർഡിൽ പണയിൽ കോളനി, കുഞ്ചൻവിളാകം എന്നീ ജനവാസമേഖലയിൽ കുറച്ചുനാളുകളായി ഭീതിപരത്തിയിരുന്ന കൂറ്റൻ കടന്നൽ കൂടും, ആയിരത്തോളം കടന്നൽ മുട്ടകളും വാർഡ് കൗൺസിലർ കെ.ജെ രവികുമാറിന്റെ നേതൃത്വത്തിൽ നശിപ്പിച്ചു.

ആളൊഴിഞ്ഞ പ്രദേശത്തെ പറമ്പിൽ പുഴുത് വീണ തെങ്ങിൻ ചുവട്ടിലായിരുന്നു കൂറ്റൻ കടന്നലുകൾ വസിച്ചിരുന്നത്. ഒരു മാസം മുമ്പ് ഈ പ്രദേശത്തെ ഒരു വീട്ടമ്മയ്ക്ക് കടന്നൽകുത്തു ഏൽക്കുകയും തുടർന്നു വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ആദ്യം ചിറയിൻകീഴ് താലൂക്കു ആശുപത്രിയിൽ എത്തിക്കുകയും ആരോഗ്യ നില കൂടുതൽ വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽകോളജിൽ എത്തിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
തുടർന്ന് അയൽവാസിയായ ഒരാൾ പറമ്പ് പരിശോധിച്ചപ്പോഴാണ് കൂറ്റൻ കടന്നൽ കൂട് കണ്ടു പിടിച്ചത്. തുടർന്ന് വാർഡ് കൗൺസിലർ ആറ്റിങ്ങൽ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ കടന്നലുകളെ പിടിക്കാനുള്ള അധികാരം ഇപ്പോൾ ഫയർഫോഴ്സിന് ഇല്ലന്നാണ് മറുപടി ലഭിച്ചത്. കടന്നലുകളെ പിടിച്ചു നശിപ്പിക്കാൻ വിദഗ്ധനായ കിരൺകൊല്ലമ്പുഴയുടെ പേര് ഫയർഫോഴ്‌സ് നിർദേശിക്കുകയും തുടർന്നു കിരൺ കഴിഞ്ഞ ദിവസം സ്ഥലത്തു എത്തി പകൽ സമയം കടന്നൽ കൂട് പരിശോധിക്കുകയും അന്നേ ദിവസം രാത്രിയോടെ കൂറ്റൻ കടന്നൽ കൂടും, ആയിരത്തോളം കടന്നൽ മുട്ടകളും നശിപ്പിക്കുകയായിരുന്നു. കടന്നലുകളെ നശിപ്പിക്കുന്ന സമയം കിരണിന് ചെറിയരീതിയിൽ ശരീത്തിൽ തീപൊള്ളൽ ഏറ്റു. കടന്നൽ കൂടു നശിപ്പിച്ചതോടെ
ജനങ്ങളുടെ ഭീതി മാറുകയായിരുന്നു. കടന്നലുകളെ പേടിച്ചു കുട്ടികൾക്കും മുതിർന്നവർക്കും പുറത്ത് ഇറങ്ങുവാനോ, വഴിനടക്കുവാനോ കഴിയാത്ത സാഹചര്യമായിരുന്നു.


















