വയനാട്: വയനാട്ടിൽ വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയും കഞ്ചാവുമായി എത്തിയ രണ്ടംഗസംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപറ്റ പോലീസും സംയുക്തമായി കൽപ്പറ്റ ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്.

പ്രതികളിൽ നിന്നും 12 ഗ്രാം എംഡിഎംഎയും 23 ഗ്രാം കഞ്ചാവും കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മലപ്പുറം ജില്ലയിലും കോടികൾ വിലമതിക്കുന്ന എംഡിഎംഎയുമായി ഒരാൾ അറസ്റ്റിലായി. കോട്ടക്കൽ സ്വദേശി കാളങ്ങാടൻ സുബൈറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂർ, വിരാജ്പേട്ട എന്നിവിടങ്ങളിൽ നിന്ന് ജില്ലയിൽ വിൽപ്പന നടത്താനായി എത്തിച്ച എംഡിഎംഎയുമായാണ് ഇയാളെ പോലീസ് പിടികൂടിയത്.


















