തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
മൂന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ കെ.എല്‍.രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. സൂര്യകുമാര്‍ 50 റണ്‍സെടുത്തും രാഹുല്‍ 51 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടിന് 106. ഇന്ത്യ 16.4 ഓവറില്‍ രണ്ടിന് 110.
ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കവും മികച്ചതായിരുന്നില്ല. പെട്ടെന്നുതന്നെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണറും നായകനുമായ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. വെറും രണ്ട് പന്തുകള്‍ മാത്രം നേരിട്ട രോഹിത് റണ്‍സെടുക്കാതെ ക്രീസ് വിട്ടു. കഗിസോ റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കി താരം മടങ്ങി.


















