ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി. കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയുടെ പേരില്‍ സാമ്പത്തിക പിരിവ് നടത്തിയെന്ന് ഉള്‍പ്പടെ പരാതികളാണ് സന്ദീപിനെതിരെ ഉയര്‍ന്നത്. സംസ്ഥാന വക്താവ് എന്ന നിലയില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും യോഗം വിലയിരുത്തി. സന്ദീപിനെതിരായ പരാതികള്‍ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് യോഗശേഷം നേതാക്കള്‍ പറഞ്ഞു. അതേസമയം, സന്ദീപ് വാര്യര്‍ ഭാരവാഹിയോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി. സന്ദീപ് ലക്ഷക്കണക്കിന് രൂപ തട്ടിച്ചെന്ന് പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.



















