ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന് ഒന്നാം ടി20 മത്സരം മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് മത്സരം ഒരു ദിവസത്തേക്ക് വൈകിപ്പിക്കാന്‍ സാധ്യതയുള്ളത്.

സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നിരവധി വിദേശ പ്രതിനിധികളും വിവിഐപികളും നഗരത്തില്‍ എത്തുന്നതിനാല്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചിട്ടുണ്ട്. മത്സരം മാറ്റിവെക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം.

സെപ്റ്റംബര്‍ 13ന് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 25,000 മുതല്‍ 35,000 വരെ കാണികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മത്സര ദിവസങ്ങളില്‍ വിവിഐപി സന്ദര്‍ശനങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഒരേസമയം കൈകാര്യം ചെയ്യുന്നത് പൊലീസിന് വലിയ വെല്ലുവിളിയാകും. സ്റ്റേഡിയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഗതാഗതക്കുരുക്കിനും ജനത്തിരക്കിനും സാധ്യതയുള്ളതിനാല്‍, ഉച്ചകോടി അവസാനിച്ചതിന് ശേഷമുള്ള ഏതെങ്കിലും അനുയോജ്യമായ ദിവസത്തിലേക്ക് മത്സരം മാറ്റണമെന്നാണ് ഡിഡിസിഎയോട് പൊലീസ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.




















