കടുവഭീതി; കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തൊണ്ടര്‍നാട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

Jan 13, 2023

seena

മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയിലെ തൊണ്ടര്‍നാട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മാനന്തവാടി താലൂക്കിലും യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും, ആശ്രിതന് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

വയനാട് പുതുശേരിയില്‍ ഇന്നലെ രാവിലെ കടുവ ആക്രമിച്ച കര്‍ഷകന്‍ വെള്ളാരംകുന്ന് സ്വദേശി തോമസാണ് വൈകീട്ടോടെ മരിച്ചത്. കൃഷിയിടത്തില്‍ വച്ചാണ് തോമസിനെ കടുവ ആക്രമിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ തോമസിനെ വിദഗ്ധ ചികില്‍സയ്ക്ക് കോഴിക്കോട്ടേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം. മരിച്ച തോമസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

cake tower new
LATEST NEWS