കാസർകോട്ടെ 400 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: ജിബിജി നിധി ഉടമ വിനോദ് കുമാർ അറസ്റ്റിൽ

Jan 16, 2023

seena

കാസർഗോഡ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമയും ചെയർമാനുമായ വിനോദ് കുമാർ അറസ്റ്റിൽ. ഉടമയെ കൂടാതെ മൂന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും. നാല് ജില്ലകളിലായി 5500 ൽ അധികം നിക്ഷേപകർ ഈ തട്ടിപ്പിന് ഇരയായെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. കാസർഗോഡ് കുണ്ടുകുഴിയിൽ പ്രവർത്തിച്ചിരുന്ന ജിബിജി നിധി എന്ന സ്ഥാപനം, നിക്ഷേപത്തിന് 80% നു മുകളിൽ പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഒരു ലക്ഷം രൂപക്ക് പത്തുമാസം കൊണ്ട് എണ്‍പതിനായിരം രൂപ പലിശ വാഗ്ദാനം ചെയ്‌തു നിക്ഷേപകരിൽ നിന്ന് തട്ടിയത് 400 കോടി രൂപയാണ്.

2020 ൽ ആരംഭിച്ച സ്ഥാപനം ആദ്യ രണ്ടുവർഷം കൃത്യമായി പലിശ നൽകി വിശ്വാസ്യത വർധിപ്പിച്ചു. പുതിയ നിക്ഷേപകരെ കൊണ്ടുവരുന്നവർക്ക് കമ്മീഷനും നൽകിയാണ് കമ്പനി പ്രവർത്തിച്ച് വന്നത്. പിന്നീട് നിക്ഷേപകർക്ക് പണം ലഭിക്കാതായി. അന്വേഷിച്ചെത്തുന്നവരോട് ഉടൻ തന്നെ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കും എന്ന ഉറപ്പ് സ്ഥാപനം നൽകിയിരുന്നു. അതിനാൽ ആദ്യഘട്ടത്തിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ഉയർന്നിരുന്നില്ല. പരാതി നടപടികളുമായി മുന്നോട്ട് പോകുന്നവർക്ക് സ്ഥാപനത്തിൽ നിന്ന് ഭീഷണികൾ ഉണ്ടായെങ്കിലും പണം തിരികെ ലഭിക്കാൻ ഒരു സാധ്യതയുമില്ല എന്ന് ഉറപ്പായതോടെയാണ് നിക്ഷേപകർ പരാതിയുമായി മുന്നോട്ട് വരുന്നത്.

നിലവിൽ, കാസർകോടിന് പുറമെ വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ നിക്ഷേപകരും പരാതിയുമായി എത്തിയിട്ടുണ്ട്. 18 കേസുകളാണ് ഇതുവരെ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

cake tower new
LATEST NEWS