ആറ്റിങ്ങൽ: നിരവധി കേസുകളിൽ പ്രതി ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിൽ. ചിറയിൻകീഴ്, മംഗലാപുരം, കടക്കാവൂർ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസിൽ ഉൾപ്പെട്ട പെരുംകുഴി നാലുമുക്ക് വിശാഖം വീട്ടിൽ ശബരിനാഥിനെ (42) ചിറയിൻകീഴ് പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോം ജോർജിന്റ ഉത്തരവ് പ്രകാരം തിരുവനന്തപുരം റൂറൽ എസ്.പി ഡി ശിൽപയുടെയും, ഗുണ്ട ആക്ട് തിരുവനന്തപുരം റൂറൽ നോഡൽ ഓഫീസർ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീകാന്തിന്റെയും നിർദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി ബിനു, ചിറയിൻകീഴ് എസ്.എച്ച്. ഒ ജി ബി മുകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. 1997ൽ പെരുംങ്ങുഴി നാലുമുക്കിൽ നടന്ന ഒരു കൊലക്കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം വ്യാപകമായി എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നപ്പോൾ ചിറയിൻകീഴ്, മംഗലാപുരം, കടക്കാവൂർ പോലീസ് സ്റ്റേഷനുകളിലും, നെയ്യാറ്റിൻകര എക്സൈസ് കേസിലും പ്രതിയായ ഇയാൾ ഏറ്റവും ഒടുവിൽ എം.ഡി.എം. എ വൻ തോതിൽ വിൽപ്പനക്കായി കൊണ്ട് വന്നപ്പോൾ കടക്കാവൂർ വച്ചു പോലീസ് പിടിയിൽ ആകുകയായിരുന്നു. ലഹരി വിൽപ്പനക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദേശത്തിന്റെ ഭാഗമായി ഇയാൾക്കെതിരെ ഗുണ്ട ആക്ട് നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത് .സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ ചിറയിൻകീഴ് എസ്.എച്ച്. ഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്ത ഇയാളെ റിമാന്റ് ചെയ്തു.


















