തിരുവനന്തപുരം: വ്യക്തി വിരോധത്തെ തുടർന്ന് പോക്സോ കേസിൽ കുടുക്കിയ വ്യക്തിയെ ആറ്റിങ്ങൽ പോക്സോ സ്പെഷ്യൽ അതിവേഗ സെഷൻസ് കോടതി വെറുതെ വിട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ പോക്സോ സ്പെഷ്യൽ അതിവേഗ സെഷൻസ് കോടതി ജെഡ്ജി പ്രഭാഷ്ലാൽ റ്റി.പി ആണ് കിളിമാനൂർ പഴയകുന്നുമ്മേൽ വില്ലേജിൽ ചേണിക്കുഴി മേലേവിളകുന്നിൽ വീട്ടിൽ താമസം കൊച്ചുചെറുക്കൻ മകൻ രാജനെ വെറുതെ വിട്ടത്. സ്കൂൾ വിദ്യാർത്ഥിനിയെ രാജൻ ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്ന കേസിലാണ് കിളിമാനൂർ പോലീസ് രാജനെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ എട്ട് സാക്ഷികളെ വിസ്തരിക്കുകയും പത്ത് തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. രാജന് വേണ്ടി അഡ്വക്കേറ്റ് നിസാർ.എ ഹാജരായി.


















