ആറ്റിങ്ങല്‍: നെറ്റ് വര്‍ക്ക് തകരാറുമൂലം ആറ്റിങ്ങല്‍ സബ് രജിസ്ട്രാഫീലിലെ സേവനങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി മുടങ്ങുന്നു. ബാങ്കുകളിലേയ്ക്കും മറ്റും അത്യാവശ്യമായി നല്‍കേണ്ട ബാദ്ധ്യത സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും ഓ ണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് ഇവ തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് സബ് രജിസ്ട്രാഫീസില്‍ തിരക്കിയപ്പോഴാണ് നെറ്റ് വര്‍ക്ക് സംവിധാനത്തിലെ തകരാറാണെന്ന് അറിയുവാന്‍കഴിഞ്ഞത്. ജില്ലയിലെ മിക്ക സബ് രജിസ്ട്രാഫീസുകളിലും പേള്‍ സോഫ്റ്റ് വെയറിന്‍റെ തകരാറുമൂലം രജിസ്ട്രേഷന്‍ നടപടികളും സേവനങ്ങളും മുടങ്ങിയിരിക്കുകയാണ്. ഭൂമി രജിസ്ട്രേഷനായി പ്രായമായവരടക്കം നൂറുകണക്കിനു ആള്‍ക്കാരാണ് സബ് രജിസ്ട്രാഫീസിനു മുന്നില്‍ രാവിലെ മുതല്‍ വൈകും നേരം വരെ നില്‍ക്കേണ്ടിവരുന്നത്. ഒടുവില്‍ നെറ്റ് വരാത്തതുമൂലം തിരികെ പോകേണ്ട സ്ഥിതിയാണ്.

ഭൂമി രജിസ്ട്രേഷന് മാത്രമായി വിദേശത്ത് നിന്നും തിരികെ പോകാന്‍ ടിക്കറ്റ് എടുത്ത് വന്നവര്‍ സഹിതം ഇക്കൂട്ടത്തിലുണ്ട്. നെറ്റ് വര്‍ക്ക് ഇല്ലെങ്കിലും മാന്യുവലായി ഭൂമി രജിസ്റ്റര്‍ ചെയ്തുകൊടുക്കുവാന്‍ സബ് രജിസ്ട്രാഫീസര്‍ തയ്യാറുകുന്നില്ല. ജില്ലാ രജിസ്ട്രാഫീസില്‍ നിന്നും മാന്യുവല്‍ രജിസ്ട്രേഷന് അനുമിതി കിട്ടിയാല്‍ മാത്രമെ അതിനു കഴിയൂ എന്നാണ് സബ് രജിട്രാര്‍ പറയുന്നത്. ഒാണ്‍ലൈന്‍ സംവിധാനത്തില്‍ പുതിയതായി സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍ മൂലമാണ് നെറ്റ് വര്‍ക്ക് സംവിധാനത്തില്‍ തകരാറുകള്‍ സംഭവിച്ചതെന്നാണ് ഡിപ്പാര്‍ട്ട് മെന്‍റിലെ ഉദ്യോഗസ്ഥന്‍മാരില്‍നിന്ന് അറിയുവാന്‍ കഴിയുന്നത്. നികുതി വരുമാനത്തില്‍ സര്‍ക്കാരിനു ലഭിക്കേണ്ട കോടിക്കണക്കിനു രൂപയാണ് നെറ്റ് വര്‍ക്ക് തകരാറുമൂലം നഷ്ടമാകുന്നത്. ഒപ്പം പൊതുജനങ്ങളുടെ ജോലിയും സമയവും.

















