തൊടുപുഴ: മണക്കാട് ചിറ്റൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ വീട്ടമ്മ മരിച്ചു. പുല്ലറയ്ക്കല്‍ ആന്റണിയുടെ ഭാര്യ ജെസി(55) യാണ് മരിച്ചത്. ആന്റണിയും, മകള്‍ സില്‍നയും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. ആന്റണി തൊടുപുഴയില്‍ ബേക്കറി നടത്തുകയായിരുന്നു. ആന്റണിയെ അന്വേഷിച്ചെത്തിയവര്‍ ബേക്കറിയില്‍ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടിലെത്തുകയായിരുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ വീടിനുള്ളില്‍ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. സംശയം തോന്നി കതകു പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഇവരെ അവശ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു. പിന്നീട് ഇവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

















