ന്യൂഡല്‍ഹി: 2200 കോടി രൂപ ചെലവില്‍ ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പദ്ധതി തുടങ്ങുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. ഗ്രാമീണ മേഖലയില്‍ കാര്‍ഷിക സ്റ്റാര്‍ട് അപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ അഗ്രികള്‍ച്ചര്‍ ആക്സിലറേറ്റര്‍ ഫണ്ട് സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഹൈദാരാബാദിലെ മില്ലറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിനെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തും. പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി അറിയിച്ചു. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കും.
വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മല സീതാരാമന് പറഞ്ഞു. ഈ വര്‍ഷം ഏഴുശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും നിര്‍മല സീതാരാമന് പറഞ്ഞു. ഇത് അമൃതകാലത്തെ ബജറ്റെന്നും നിര്‍മല സീതാരാമന് പറഞ്ഞു. ധനമന്ത്രി നിര്‍മല സീതാരാമന്റെ അഞ്ചാം ബജറ്റില്‍ റെയില്‍വേയ്ക്കായി നീക്കിവച്ചത് റെക്കോര്‍ഡ് മൂലധനച്ചെലവ്. 2.40 ലക്ഷം കോടി രൂപയാണ് റെയില്‍വേയ്ക്കായി ബജറ്റിലുള്ളത്. എക്കാലത്തെയും വലിയ തുകയാണിത്.

2013-14 ബജറ്റില്‍ റെയില്‍വേയ്ക്കായി നല്‍കിയതിന്റെ ഒന്പതിരട്ടിയാണ് ഇത്തവണ നീക്കിവയ്ക്കുന്നതെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. കല്‍ക്കരി, വളം, ഭക്ഷ്യ ധാന്യം എന്നിവയ്ക്കായി നൂറ് നിര്‍ണായക ഗതാഗത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. 75,000 കോടിയാണ് ഇതിനു വേണ്ടിവരുന്ന നിക്ഷേപം. ഇതില്‍ 15,000 കോടി സ്വകാര്യ മേഖലയില്‍നിന്നു കണ്ടെത്തും.
രാജധാനി, ശതാബ്ദി, തുരന്തോ, ഹംസഫര്‍, തേജസ് തുടങ്ങിയ ട്രെയിനുകളിലെ ആയിരത്തിലേറെ കോച്ചുകള്‍ നവീകരിക്കും. കൂടുതല്‍ റൂട്ടുകളില്‍ വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുന്നതിനായി ട്രാക്ക് മാറ്റി സ്ഥാപിക്കും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ നൂറിലേറെ വിസ്താഡോം കോച്ചുകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 35 ഹൈഡ്രജന്‍ ഫ്യുവല്‍ തീവണ്ടികള്‍ നിര്‍മിക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു. 4500 ഓട്ടോമൊബൈല്‍ കാരിയര്‍ കോച്ചുകളും അയ്യായിരം എല്‍എച്ച്ബി കോച്ചുകളും 58000 വാഗണുകളും നിര്‍മിക്കും.

















