വർക്കല: വർക്കലയിൽ ട്രെയിനിന് മുന്നിൽ കുരുങ്ങി വയോധികൻ മരിച്ചു. മുട്ടപ്പലം തച്ചോട് കുന്നുവിളവീട്ടിൽ ഭാനു(65) ആണ് മരിച്ചത്. രാവിലെ 9. 20 ഓടെ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് വർക്കല സ്റ്റേഷന് തൊട്ടുമുൻപുള്ള ലെവൽക്രോസിൽ എത്തിയപ്പോഴായിരുന്നു സംഭവം. ലെവൽക്രോസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ട്രെയിനിന് മുന്നിൽ അകപ്പെടുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വയോധികൻ എൻജിന് മുന്നിലുള്ള കൂർത്ത കമ്പിയിൽ കുരുങ്ങുകയായിരുന്നു. വയറിലൂടെ കമ്പി തുളച്ചുകയറിയതിനാൽ വളരെ ബുദ്ധിമുട്ടിയാണ് വർക്കല പോലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം എഞ്ചിനിൽനിന്നും വേർപെടുത്തിയത്. തുടർ നടപടികൾക്കായി മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

















