ഓണം, ആഘോഷിക്കാത്ത മലയാളികള്‍ എവിടെയും ഉണ്ടാകില്ല. ഇത് കേവലം ഒരു ആഘോഷം എന്നതിലുപരി, കാര്‍ഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീകമാണ് തിരുവോണം. തിരുവോണം കളറാക്കാനുള്ള അവസാനവട്ട ഓട്ടവുമായി ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ് ഇന്ന് മലയാളികള്‍. പൂവും ഓണക്കോടിയും ഓണസദ്യ വിഭവങ്ങളുമെല്ലാമായി ഇന്ന് രാത്രി വൈകുംവരെ വിപണി സജീവമായിരിക്കും. എന്നാല്‍ ഉത്രാടം വെറും ഒരു ദിവസം മാത്രമല്ല. പൊന്നോണക്കാലത്ത് ഉത്രാടദിനത്തിന് ഏറ്റവും വിശേഷപ്പെട്ട സ്ഥാനം തന്നെയാണ് പൗരാണിക കാലം മുതല്‍ നല്‍കിയിട്ടുള്ളത്.
ഉത്രാടം ദിനം മഹാബലി ചക്രവര്‍ത്തിയുടെ വരവിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു. തിരുവോണത്തിന് ഒരു ദിവസം മുമ്പ്, മഹാബലി തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ പാതാളത്തില്‍ നിന്ന് പുറപ്പെടുന്നു എന്നാണ് വിശ്വാസം. ഈ സന്ദര്‍ശനം മലയാളികള്‍ക്ക് ഐശ്വര്യവും സമാധാനവും നല്‍കുന്ന സമയമായി കണക്കാക്കപ്പെടുന്നു.
കുടുംബസമേതമായി ഒരുമിച്ച് സദ്യ ഒരുക്കാനും പൂക്കളമിടാനും വീടു വൃത്തിയാക്കാനും ഉള്ള സമയമാണ്. മഹാബലി വരവിന്റെ പ്രതീക്ഷയും, ധര്‍മ്മവും സമത്വവും നിറഞ്ഞ ഭരണത്തിന്റെ ഓര്‍മ്മയും ഈ ദിനം പുതുക്കുന്നു. ഉത്രാടം, തിരുവോണത്തിന് മുന്നോടിയായി ആത്മീയമായ ഒരുക്കത്തിന്റെയും സ്‌നേഹത്തിന്റെ സന്ദേശമാണ് നല്‍കുന്നത്.
ഓണാഘോഷത്തിന്റെ അവസാനഘട്ട ഒരുക്കത്തിനാണ് ഉത്രാടപ്പാച്ചില്‍ എന്ന് പറയുന്നത്. സദ്യവട്ടങ്ങള്‍ക്കായി മലയാളികള്‍ ഓണത്തലേന്ന് ചന്തകളില്‍ പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും വാങ്ങാന്‍ എത്തുന്നു. ചന്തകളും വഴിയോരങ്ങളും വളരെ തിരക്കുപിടിച്ചുകാണുന്ന ഒരു ദിവസം കൂടിയാണ് ഉത്രാടം.
ഓണത്തിന് ആവശ്യമായ സാധനങ്ങളൊക്കെ ഈ ദിവസം വാങ്ങിക്കൂട്ടും. സാമഗ്രികളൊക്കെ വാങ്ങിക്കഴിയുമ്പോള്‍ പോക്കറ്റ് കാലിയാകും എന്നതാണ് മറ്റൊരു പ്രത്യേകത. എങ്കിലും മലയാളികള്‍ കാശ് നോക്കാതെ ആവശ്യം നോക്കി ചെലവാക്കും എന്നാണ് പറച്ചില്‍. ഉത്രാടനാളുകളില്‍ വിപണികള്‍ വളരെ വൈകിയും സജീവമായിരിക്കും. പച്ചക്കറിക്കടകളിലും പലവ്യഞ്ജനക്കടകളിലും തുണിക്കടകളിലും നിന്നു തിരിയാന്‍ കഴിയാത്തവിധം തിരക്കുമായിരിക്കും.
മുറ്റത്ത് പൂക്കളമിടുന്നത് ഉത്രാടം നാളില്‍ ഏറ്റവും വലുതാകുന്നു. ഈ ദിവസം പ്രത്യേക പൂക്കള്‍ ഉപയോഗിച്ച് അലങ്കാരമൊരുക്കുന്നു. കൂടാതെ വീട്ടിലെ വലിയ വിളക്കുകള്‍ പുളിയും ചാരവുമുപയോഗിച്ച് കഴുകി, വൈകുന്നേരം എണ്ണയൊഴിച്ച് ഉത്രാട വിളക്ക് കത്തിക്കുന്നു. ദേവതാ ചിത്രങ്ങള്‍ പൂമാലകളോടെ അലങ്കരിക്കുന്നു.
ഉത്രാടത്തിലെ തെയ്യക്കോലങ്ങള്‍
ചില പ്രദേശങ്ങളില്‍ പ്രത്യേകിച്ച് ഓണക്കാലത്ത് നാട്ടുവഴികളിലൂടെയും വീടുകള്‍ കയറിയിറങ്ങിയും ഓണക്കാലം അറിയിച്ചെത്തുന്ന ആടിവേടന്‍ തെയ്യങ്ങളുണ്ട്. ആധിയും വ്യാധിയും ഒഴിഞ്ഞ നല്ലൊരു ഓണക്കാലത്തിനായി പ്രാര്‍ഥിക്കുന്ന ജനതയെ തെയ്യക്കോലങ്ങള്‍ക്കു മുന്‍പില്‍ കാണാന്‍ കഴിയും.കുട്ടികള്‍ കോലം കെട്ടി വീടുകള്‍ കയറിയിറങ്ങി അനുഗ്രഹം ചൊരിയുന്നു. ആടിവേടന്‍ തെയ്യത്തിനു പിറകെ ഓണത്താര്‍ തെയ്യവും രംഗപ്രവേശം ചെയ്യും.





















