നോർക്ക റൂട്സ് മുൻ ചെയർമാനും പ്രവാസി ബോർഡ് അംഗവുമായ അയിലം മൈവള്ളി ഏലാ കൃഷ്ണാ ഭവനിൽ കൊച്ചു കൃഷ്ണപിള്ള (75) നിര്യാതനായി. അയിലം ഗ്രാമത്തിന്റെ പരിമിതമായ സാഹചര്യങ്ങളിൽ നെയ്ത്തു തൊഴിലാളിയായി ജീവിതം തുടങ്ങിയ കൊച്ചു കൃഷ്ണപിള്ളയ്ക്ക് ഇടതുപക്ഷത്തോടു ചെറുപ്പത്തിലേ തോന്നിയ ആഭിമുഖ്യവും പ്രവർത്തന ശൈലിയും പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കിടയിൽ അഭിമതനാക്കി. പ്രയാസകരമായിരുന്ന ജീവിത സാഹചര്യങ്ങളെ മറികടക്കാൻ പിന്നിട് അദ്ദേഹം പ്രവാസിയായി മാറി. യു. എ. ഇ ആയിരുന്നു തൊഴിൽ രാജ്യം. അവിടെ തന്റെ തൊഴിൽ തിരക്കുകൾക്കിടയിലും ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള മലയാളികളെ കൂട്ടിയിണക്കാനും പാർട്ടിയെ ശക്തിപ്പെടുത്താനും അദ്ദേഹം നിതാന്തം പരിശ്രമിച്ചു കൊണ്ടേയിരുന്നു.
ഷാർജ ഇൻഡ്യൻ അസോസിയേഷൻ അംഗം, മാസ് ഷാർജ നേതാവ്, കൈരളി ചാനലിന്റ യു.എ.ഇ കോർഡിനേറ്റർ തുടങ്ങിയ നിലകളിൽ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒടുവിൽനോർക്ക റൂട്ട്സിന്റെ ചെയർമാൻ സ്ഥാനവും അലങ്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഏറെ പ്രിയപ്പെട്ട പാർട്ടി പ്രവർത്തകരിൽ ഒരാളാണ് ഇദ്ദേഹം. വൃക്ക സംബന്ധമായ അസുഖത്താൽ ഏറെ നാളായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മക്കൾ വിദേശത്താണ്. അവർ എത്തിയ ശേഷം നാളെയാണ് സംസ്കാരം. റിട്ട. അധ്യാപികയായ
സുശീലമാണ് കൊച്ചു കൃഷ്ണപിള്ളയുടെ ഭാര്യ.
മക്കൾ: സ്വാതികൃഷ്ണ ,സുനിൽ കൃഷ്ണ
മരുമക്കൾ: അനീഷ്, വൈഷ്ണവി.


















