മറുനാടൻ മലയാളി പോർട്ടലിൻ്റെ എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീംകോടതി കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
മുതിർന്ന മാധ്യമ പ്രവർത്തകൻ്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. വാക്കുകൾ നിയന്ത്രിക്കാൻ ഷാജൻ സ്കറിയയെ ഉപദേശിക്കണമെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജൻ സ്കറിയ സുപ്രീംകോടതിയെ സമീപിച്ചത്. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന പി.വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് ഷാജനെതിരായ കേസുകളിൽ ഒന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെ, കേരള ഹൈക്കോടതി മുൻകൂർ ജാമ്യം തളളിയതോടെ മറുനാടൻ മലയാളിയുടെ ഓഫീസുകൾ റെയ്ഡ് ചെയ്ത് കംപ്യൂട്ടറുകളും ക്യാമറകളും അടക്കം പൊലീസ് പിടിച്ചെടുത്തിരുന്നു. ജീവനക്കാരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. ഒളിവിൽ കഴിയുന്ന ഷാജൻ സ്കറിയയെ കണ്ടെത്താനെന്ന പേരിൽ പത്തനംതിട്ടയിലെ മാധ്യമപ്രവർത്തകനായ വിശാഖന്‍റെ വീട് റെയ്ഡ് ചെയ്ത് മൊബൈൽ ഫോൺ അടക്കം പൊലീസ് പിടിച്ചെടുത്ത നടപടിയെ ഹൈക്കോടതിയും ഇന്ന് വിമർശിച്ചിരുന്നു.


















