പത്തനംതിട്ട: ഒന്നരവർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെയാണ് കാണാതായത്. മൃതദേഹം കുഴിച്ചുമൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് പരിശോധന നടത്തും. നൗഷാദിന്‍റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പിതാവിൻ്റെ പരാതിയില്‍ പൊലീസ് കേസെടുത്തത്. അന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് തോന്നിയ ചില സംശയങ്ങളാണ് കേസില്‍ വഴിത്തിരിവായത്. ഭാര്യയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും, പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു. പരുത്തിപ്പാറയിൽ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.



















