കൊല്ലം ജില്ലയിലെ പുനലൂർ നെല്ലിപ്പള്ളി സർവ്വീസ് സ്റ്റേഷനിൽ ഇന്നലെ (12/05/2026) വൈകിട്ട് ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി തകർന്ന് പുനലൂർ വന്മള വള്ളി അയ്യത്ത് പുത്തൻ വീട്ടിൽ സിജു തോമസിന് (40) ദാരുണാന്ത്യം സംഭവിച്ചു. സ്പ്രേ പെയിൻറിങ് തൊഴിലാളിയായിരുന്ന സിജു തോമസ്.
സർവീസ് സ്റ്റേഷനിൽ വച്ച് സ്കൂൾ ബസ്സ് പെയിൻറിംഗ് ചെയ്തുകൊണ്ടിരിക്കെ ശക്തമായ ഇടിയും മഴയും ഉണ്ടായതിനെത്തുടർന്ന് തൊട്ടടുത്തു കിടന്ന് ടോറസിൻ്റെ ക്യാബിനിൽ കയറിയിരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നു രണ്ടുപേർ അടുത്തുള്ള കെട്ടിടത്തിലേക്ക് പോവുകയും ഏകദേശം വൈകിട്ടുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് സർവീസ് സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള കോൺക്രീറ്റ് സംരക്ഷണഭിത്തി ഇടിഞ്ഞ് ടോറസിന്റെ ക്യാബിനിലേക്കും സർവീസ് സ്റ്റേഷന്റെ മുകളിലേക്കും പതിക്കുകയായിരുന്നു.
കോൺക്രീറ്റ് സംരക്ഷണഭിത്തി ഇളകി വന്നു സർവീസ് സ്റ്റേഷന്റെ മുകളിൽ വീണതിനെ തുടർന്ന് സർവീസ് സ്റ്റേഷൻ പൂർണമായും നിലംപൊത്തുകയും അവിടെ സ്പ്രേ പെയിൻറ് ചെയ്തുകൊണ്ടിരുന്ന സ്കൂൾ ബസ്സ് പൂർണമായും തകർന്നുപോയി. ടൂവീലർ അടക്കം നിരവധി വാഹനങ്ങൾ അതിനുള്ളിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ക്യാബിനുള്ളിൽ കിടന്നിരുന്ന സിജു തോമസ് തൽക്ഷണം മരണപ്പെടുകയായിരുന്നു
പുനലൂർ പത്തനാപുരം ഫയർ ആൻഡ് റെസ്ക്യൂ സംഘം സ്ഥലത്തെത്തി ജെസിബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് ക്യാബിന്റെ മുകളിലെ മണ്ണും കോൺക്രീറ്റ് കഷണങ്ങളും മാറ്റിയതിനുശേഷം ക്യാബിൻ കട്ട് ചെയ്തു സിജു തോമസിന്റെ ചേതനയറ്റ ശരീരം പുറത്തെടുക്കുകയായിരുന്നു.




















