കൊച്ചി: ത്രില്ലര്‍ സിനിമകളെ വെല്ലുന്ന രീതിയില്‍ കേരള പൊലീസിന്റെ ‘മാന്നാര്‍ സ്‌ക്വാഡ്’. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഉത്തര്‍പ്രദേശില്‍ നിന്ന് മാന്നാറിലെത്തി വന്‍ കവര്‍ച്ച നടത്തി മടങ്ങിയ പ്രതികളെ അവിടെ ചെന്നു പിടികൂടുകയായിരുന്നു. മാന്നാറിലെ പ്രവാസി വ്യവസായിയുടെയും അയല്‍വാസിയായ ഡോകടറുടെയും വീട്ടില്‍ നിന്നു സ്വര്‍ണ്ണാഭരണങ്ങളും പണവും വിലയേറിയ വാച്ചുകളുമായാണ് പ്രതികള്‍ സംസ്ഥാനം വിട്ടത്.
മോഷണം നടത്തിയ വീട്ടിലെ സിസിടിവി ക്യാമറകളുടെ ഡിവിആര്‍ അടക്കം പ്രതികള്‍ കൊണ്ടുപോയി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷണം നടന്ന രാത്രി മൂന്നു പേര്‍ കവര്‍ തൂക്കിപ്പിടിച്ചു തിരക്കിട്ടു പോകുന്നതു കണ്ടു. എന്നാല്‍ കുറച്ചു ദൂരെയുള്ള ക്യാമറകളില്‍ ഇവരെ കണ്ടതുമില്ല. തുടര്‍ന്ന് അന്വേഷണം ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശി ആരിഫിലേയ്ക്ക് എത്തി. തുടര്‍ന്ന് ആരിഫിന്റെ ബന്ധു റിസ്വാന്‍ സെഫിക്കും കൂട്ടാളിയായ മുഹമ്മദ് സല്‍മാനും പങ്കുള്ളതായി കണ്ടെത്തി.




















