മുടപുരം: വിജയദശമി ദിനമായ ഇന്ന് മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. ഭക്തി നിർഭരമായ വിദ്യാരംഭ ചടങ്ങുകൾ രാവിലെ ആരംഭിച്ചു. രാവിലെ പൂജയെടുപ്പ്. തുടർന്ന് റിട്ട. ചെമ്പഴന്തി എസ്.എൻ കോളേജ് പ്രിൻസിപ്പൽ സഹൃദയൻ തമ്പി.എം.ആർ, തിരുവനന്തപുരം ആയുർവേദ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.ആനന്ദ്.എസ് എന്നിവരാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചത്.

നവരാത്രി മഹോത്സവത്തോടനുബന്ധിച്ഛ് ക്ഷേത്രത്തിൽ തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ വച്ചാണ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചത്. ധാരാളം കുട്ടികൾ വിദ്യാരംഭ ചടങ്ങുകൾക്ക് എത്തിയിരുന്നു. 15 ന് ക്ഷേത്രത്തിൽ ആരംഭിച്ച നവരാത്രി മഹോത്സവത്തിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പത്തുദിവസം നടന്ന നവരാത്രി മഹോത്സവ ദിവസങ്ങളിൽ പതിവ് പൂജകൾക്ക് പുറമെ ആയുധ പൂജ,വാഹന പൂജ വയ്പ്, ലളിതാസഹസ്ര നാമജപം, സരസ്വതി പൂജ, പാഠപുസ്തക പൂജ തുടങ്ങിയ ചടങ്ങുകളും നടന്നു. ഇതിനുപുറമെ 500 ഓളം കലാപ്രതിഭകൾ പങ്കെടുത്ത സംഗീത വിരുന്ന്, കഥകളി, നൃത്തം, ഗാനമേള, കീർത്തനാലാപനം, നാടൻപാട്ട്, കരാക്കെ ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

















