കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന നാലാമത് സംസ്ഥാന ജു-ജുത്സു ചാമ്പ്യൻഷിപ്പിൽ പ്രൊഫിഷ്യന്റ് അക്കാഡമിയിലെ താരങ്ങൾ മെഡലുകൾ വാരിക്കൂട്ടി. അക്കാഡമിയിൽ നിന്നും പങ്കെടുത്ത എല്ലാ താരങ്ങളും ജേതാക്കളായി. വിവിധയിനങ്ങളിലായി 7 സ്വർണ്ണം, 7 വെള്ളി, 5 വെങ്കലം എന്നിങ്ങനെ മൊത്തം 19 മെഡലുകൾ അക്കാദമിയിലെ താരങ്ങൾ സ്വന്തമാക്കി.
വിജയികൾ വരുന്ന ഫെബ്രുവരിയിൽ ഡൽഹിയിൽ വെച്ച് നടക്കുന്ന ദേശീയ ജു-ജിത്സു ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും. അക്കാദമിയുടെ നേട്ടത്തെ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ ലത്തീഫ് പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും ജിംനാസ്റ്റിക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ യൂ. തിലകൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയും ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പറുമായ പി. ഋഷികേശ് കുമാർ തുടങ്ങിയവർ ജേതാക്കൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.
കേരളത്തിലെ പ്രമുഖ അയോധനകലാ പരിശീലന കേന്ദ്രമായ പ്രൊഫിഷ്യന്റ് മാർഷ്യൽ ആർട്സ് അക്കാഡമി കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ആയോധനകലകൾ പരിശീലിപ്പിക്കുന്നുണ്ട്. ജപ്പാൻ ആയോധനകലയായ ജു-ജിത്സു ഏഷ്യൻ ഗെയിംസിലെ മത്സരയിനം കൂടിയാണ്.

















