ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയില്‍ ജെന്‍സികളെ ചിലര്‍ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ധര്‍മേന്ദ്ര പ്രധാന്‍. നീറ്റ് വിവാദത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ താന്‍ നടത്തിയ രാജി തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് ഭുവനേശ്വറിലെ ജി.എം സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോടും അധ്യാപകരോടും സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ പുതിയ തലമുറയായ ജെന്‍സി നമ്മുടെ കുട്ടികളാണെന്നും എന്നാല്‍ ചിലര്‍ അവരെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആ സമയത്ത് വ്യക്തിപരമായ പ്രശ്‌നങ്ങളോ മന്ത്രിസ്ഥാനത്തോടുള്ള വലിയ താത്പര്യമോ ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് രാജി വെക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും പ്രധാന്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വിദ്യാര്‍ഥി പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിനെ തുടര്‍ന്ന് ജൂലൈ 25നാണ് ധര്‍മേന്ദ്ര പ്രധാന്‍ കേന്ദ്ര മന്ത്രിസ്ഥാനം ഒഴിഞ്ഞത്. രാജ്യത്ത് പ്രതിവര്‍ഷം കോടിക്കണക്കിന് കുട്ടികള്‍ ജനിക്കുന്നുണ്ടെന്നും അവര്‍ക്ക് വലിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്നും പ്രധാന്‍ പറഞ്ഞു. എന്നാല്‍ പ്രക്ഷോഭങ്ങളുടെ പേരില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.



















