ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കുറ്റപത്രം സമർപ്പിച്ച് രണ്ടുവർഷത്തിനുശേഷമാണ് വിധി പറയുന്നത്. 2021 ജൂൺ മുപ്പതിനാണ് സംഭവം.
ഒരു നാടിനെയാകെ നടുക്കിയ കൊടുംക്രൂരതയായിരുന്നു രണ്ടുവർഷം മുൻപ് വണ്ടിപ്പെരിയാറിൽ നടന്നത്. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഈ വിവരം വെളിപ്പെടുന്നത്. അതുവരെ എല്ലാവരും കരുതിയിരുന്നത് കഴുത്തിൽ ഷാൾ കുരുങ്ങിയാണ് ആറുവയസ്സുകാരിയുടെ മരണം എന്നാണ്. പൊലീസ് അന്വേഷണത്തിൽ വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് പ്രതിയെന്ന് കണ്ടെത്തി.
പെൺകുട്ടിയെ മൂന്നു വയസ് മുതൽ പ്രതി പീഡിപ്പിച്ചിരുന്നു. അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പടെ ചുമത്തി. 2021 സെപ്റ്റംബർ 21ന് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ വർഷം മെയിൽ കേസിന്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി. കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചു.

















