രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; മോഹന്‍ലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണം

Dec 19, 2023

seena

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരിയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളിലേക്ക് കേരളത്തില്‍ നിന്ന് മോഹന്‍ലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണം. ജനുവരി 22-നാണ് പ്രതിഷ്ഠാചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുക്കും.

ചലച്ചിത്ര രംഗത്തുനിന്ന് അമിതാഭ് ബച്ചന്‍, രജനീകാന്ത്, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, ചിരംഞ്ജീവി, ഋഷഭ് ഷെട്ടി, ധനുഷ്‌ സംവിധായകരായ രാജ് കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി എന്നിവര്‍ക്കും ക്ഷണമുണ്ട്. പരിപാടിയില്‍ എഴായിരം പേരാണ് പങ്കെടുക്കുക. ഇതില്‍ നാലായിരം പേര്‍ പുരോഹിതന്‍മാരാണ്. കാശി വിശ്വനാഥ്, വൈഷ്ണോദേവി തുടങ്ങിയ പ്രധാനക്ഷേത്രങ്ങളിലെ മുഖ്യപുരോഹിതന്മാരും ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം, മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുത്തേക്കില്ല. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ഇരുവരോടും ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യര്‍ഥിച്ചതെന്നും അഡ്വാനിയും ജോഷിയും അത് അംഗീകരിച്ചുവെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമങ്ങളോടു പറഞ്ഞു.

ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ ജനുവരി 15-ന് പൂര്‍ത്തിയാകുമെന്നും പ്രാണപ്രതിഷ്ഠയ്ക്കു വേണ്ടിയുള്ള പൂജകള്‍ 16-ാം തീയതി മുതല്‍ ആരംഭിച്ച് 22 വരെ തുടരുമെന്നും ചമ്പത് റായ് കൂട്ടിച്ചേര്‍ത്തു. 2020 ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.

cake tower new
LATEST NEWS