രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; കൊലക്കുറ്റം തെളിഞ്ഞു, 15 പ്രതികളും കുറ്റക്കാരെന്ന് കോടതി

Jan 20, 2024

seena

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി ശ്രീദേവിയാണ് കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും തെളിഞ്ഞു.

ഒന്ന് മുതല്‍ എട്ടു വരെയുള്ള പ്രതികളാണ് കൊല നടത്തിയത്. ഒമ്പത് മുതല്‍ 12 വരെയുള്ള പ്രതികള്‍ കൊല നടത്തിയവര്‍ക്ക് സഹായവുമായി വീടിന് പുറത്തു കാത്തുനിന്നുവെന്നും 13 മുതല്‍ 15 വരെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയവരാണെന്നും തെളിഞ്ഞു. ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇന്ന് പ്രൊസിക്യൂഷൻ വാദം പൂർത്തിയായി. കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു.

നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദീന്‍, മുന്‍ഷാദ്, ജസീബ്, നവാസ്, സമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി, ഷെര്‍നാസ് എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ 15 വരെയുള്ള പ്രതികള്‍. കൊലക്കുറ്റത്തിന് പുറമെ 13,14,15 പ്രതികള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ ഗൂഢാലോചന കേസും തെളിഞ്ഞു. കൊലപാതകം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വിവിധ കേസുകളാണ് ഒന്ന് മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. കൊലക്കുറ്റത്തിന് പുറമെ ഒന്ന്, 2,7 പ്രതികള്‍ക്കെതിരെ സാക്ഷികളെ ഉപദ്രവിച്ചതിന് ചുമത്തിയ കേസും തെളിഞ്ഞു.

2021 ഡിസംബർ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പ്രതികളാണ് വിചാരണ നേരിട്ടത്. കേസിൽ ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വയലാർ സ്വദേശിയായ നന്ദുകൃഷ്ണയെ കൊലപ്പെടുത്തിയപ്പോൾ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അങ്ങിനെ സംഭവിച്ചാൽ പകരം ഒരാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

മണ്ണഞ്ചേരിയിൽ ഷാൻ കൊല്ലപ്പെട്ട 2021 ഡിസംബർ 18 നായിരുന്നു രണ്ടാമത്തെ ഗൂഢാലോചന. ഈ കൂടിയാലോചനയിലാണ് രഞ്ജിത്തിനെ വധിക്കാൻ തീരുമാനിച്ചത്. അന്ന് രാത്രി ആലപ്പുഴ റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രതികൾ വീണ്ടും ഒത്തുകൂടി. അർധരാത്രി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി. തൊട്ടടുത്ത ദിവസം പുലർച്ചെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ആലപ്പുഴയിലെ ബിജെപി നേതാവും അഭിഭാഷകനുമായിരുന്നു രഞ്ജിത്ത് ശ്രീനിവാസൻ.

cake tower new
LATEST NEWS