ചിന്തിക്കുമ്പോൾ തന്നെ ഫോണോ കമ്പ്യൂട്ടറോ അതുവഴി പ്രവർത്തിക്കുന്ന മറ്റ് ഉപകരണങ്ങളോ ഒരാള്‍ക്ക് പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ന്യൂറാലിങ്ക് സ്ഥാപകൻ ഇലോൺ മസ്ക്. മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് സ്ഥാപിക്കുന്ന ദൗത്യം വിജയമായതായി മസ്‌ക് ട്വീറ്റ് ചെയ്തു.
മനുഷ്യ മസ്തിഷ്‌കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ഇലോണ്‍ മസ്‌ക് ന്യൂറാലിങ്ക് ഗവേഷണ പദ്ധതിക്ക് തുടക്കമിട്ടത്. തലച്ചോറിനകത്ത് സര്‍ജറിയിലൂടെ ചിപ്പുകൾ സ്ഥാപിച്ച് ഇതുവഴി കമ്പ്യൂട്ടറുമായുള്ള ആശയവനിമയം സാധ്യമാക്കുകയാണ് ചെയ്തത്.
ബ്രെയിന്‍ ചിപ്പ് സ്വീകരിച്ചയാൾ സുഖം പ്രാപിച്ചു വരുന്നതായും പ്രാരംഭ ഫലങ്ങള്‍ ശുഭസൂചകമാണെന്നും ട്വീറ്റിൽ വിശദമാക്കി. മനുഷ്യന് ചലിക്കാനുള്ള ആഗ്രഹം സന്ദേശങ്ങളാക്കുന്ന തലച്ചോറിൻ്റെ ഭാഗത്ത് മുടിനാരിഴയെക്കാൾ നേരിയ 64 ചിപ്പുകൾ സ്ഥാപിച്ചു. ഇതിനെ വയർലെസ് സംവിധാനം വഴി കമ്പ്യൂട്ടറുമായി കൂട്ടിയിണക്കി. പുറത്ത് നിന്നും റിമോട്ടായി ചാർജ് ചെയ്യാവുന്നവയാണ് ഈ ചിപ്പ് നാരുകൾ.
പാര്‍ക്കിന്‍സണും അല്‍ഷിമേഴ്സുമടക്കം ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുക എന്നതാണ് ന്യൂറാലിങ്കിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായി പറയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ന്യൂറോടെക്നോളജിയില്‍ വിപ്ലകരമായ നേട്ടമായാണ് ന്യൂറാലിങ്കിന്റെ പരീക്ഷണം വിലയിരുത്തപ്പെടുന്നത്
ബ്രെയിന്‍ ചിപ്പ് മനുഷ്യനില്‍ പരീക്ഷിക്കുന്നതിന് മുന്നോടിയായി നേരത്തേ കുരങ്ങുകളില്‍ പരീക്ഷിച്ചത് അമേരിക്കയില്‍ വലിയ വിവാദങ്ങളിലേക്കും നിയമ നടപടികളിലേക്കും നയിച്ചിരുന്നു. പരീക്ഷണം നടത്തിയ കുരങ്ങുകള്‍ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളും ഗുരുതരമായ ശാരീരിക വെല്ലുവിളികളും നേരിട്ടത് എതിർപ്പ് ഉയർത്തി. കഴിഞ്ഞ വര്‍ഷമാണ് ന്യൂറാലിങ്കിന് മനുഷ്യ മസ്തിഷ്‌കത്തില്‍ പരീക്ഷിക്കാൻ അനുമതി ലഭിച്ചത്.
മനുഷ്യൻ്റെ ചിന്തകളെ തലച്ചോറിൽ നിന്നു തന്നെ ചോർത്തുന്ന ഭീഷണമായ സാഹചര്യമാണ് ഇതുവഴി ഉണ്ടാവാനിരിക്കുന്നത് എന്നും വിമർശനമുണ്ടായിരുന്നു. ഒരാളുടെ ചിന്തകളെ സ്കാൻ ചെയ്യാനും ചോർത്താനും ഇതുവഴി കഴിയും. തിരിച്ചറിയാത്ത ആഗ്രഹങ്ങൾ പോലും കമ്പ്യൂട്ടറും മൊബൈലും പിടിച്ചെടുക്കും.
“അംഗഭംഗം വന്നവരായിരിക്കും തുടക്കത്തില്‍ ഈ സാങ്കേതിക വിദ്യയുടെ ഗുണഭോക്താക്കള്‍. മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച ശാസ്ത്ര ചിന്തകൻ സ്റ്റീഫന്‍ ഹോക്കിങ്ങിന് അതിവേഗതയുള്ള ഒരു ടൈപ്പിസ്റ്റിനേക്കാള്‍ വേഗത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന ഘട്ടത്തേക്കുറിച്ച് ചിന്തിച്ചു നോക്കുക, അതാണ് തങ്ങളുടെ ലക്ഷ്യം”. മസ്‌ക് എക്സിലൂടെ അഭിപ്രായപ്പെട്ടു. ടെലിപ്പതി എന്നാണ് ന്യൂറാലിങ്കിന്റെ ആദ്യത്തെ പ്രൊഡക്ടിന് പേരിട്ടിരിക്കുന്നത്.
തലച്ചോറിൽ മുറിവുകൾ ഉണ്ടാക്കാതെ സൂക്ഷ്മമായി തന്നെ ചിപ്പ് നാരുകൾ നിക്ഷേപിക്കാനാവും എന്നതാണ് ന്യൂറാലിങ്ക് പദ്ധതിയെ ഈ രംഗത്തെ ഇതര ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ന്യൂറാലിങ്കുമായി മത്സരിച്ചുകൊണ്ട് മറ്റ് ഗവേഷണ സ്ഥാപനങ്ങളും രംഗത്തുണ്ട്. അമേരിക്കയിൽ ഒരു സംഘം ഗവേഷകർ വ്യക്തിയുടെ ആശയ വിനിമയത്തിനുള്ള ത്വര ഡികോഡ് ചെയ്ത് ഭാഷയിലാക്കി എടുത്തത് വാർത്തയായിരുന്നു.

















