ഹണി ട്രാപ്പ്: ദമ്പതികളടക്കം 7 പേർ പിടിയിൽ

Feb 1, 2024

seena

കാസർകോട്: മധ്യവയസ്ക്കനിൽ നിന്ന് പണം തട്ടിയ യുവതിയടക്കമുള്ള ഹണിട്രാപ്പ് സംഘം പിടിയിൽ. അഞ്ച് ലക്ഷം രൂപയാണ് സംഘം 59 കാരനെ ഭീഷണിപ്പെടുത്തി സംഘം തട്ടിയെടുത്തത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് മധ്യവയസ്കൻ പൊലീസിനെ സമീപിച്ചത്.

കോഴിക്കോട് പെരുമണ്ണ സ്വദേശി ഫൈസൽ(37), ഭാര്യ റുബീന(29), കാസർകോട് ഷിറിബാഗിലു സ്വദേശി സിദീഖ്, മാങ്ങാട് സ്വദേശികളായ ദിൽഷാദ്, അബ്ദുല്ലക്കുഞ്ഞി, റഫീഖ്, മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ് രിയ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാങ്ങാട് കേന്ദ്രീകരിച്ച് സന്നദ്ധ പ്രവർത്തനം നടത്തിവന്ന മധ്യവയസ്കനാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിന്‍റെ സൂത്രധാരൻ ദിൽഷാദാണെന്ന് പൊലീസ് പറഞ്ഞു. ദിൽഷാദിന്‍റെ നിർദ്ദേശപ്രകാരം റുബീന വിദ്യാർഥിനി എന്ന വ്യാജേന പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. പഠനത്തിനായി ലാപ്ടോപ്പ് വാങ്ങി തരുമോയെന്ന് റുബീന 59 കാരനോട് ചോദിച്ചു. വാങ്ങിനൽകാമെന്ന് പരാതിക്കാരനും സമ്മതിച്ചു.

ഇതു നൽകാനായി കഴിഞ്ഞ വ്യാഴാഴ്ച ഇയാൾ മംഗളൂരുവിലെത്തി. അതിനിടെ യുവതി പരാതിക്കാരനെ ഹോട്ടൽ മുറിയിലേക്കെത്തിച്ചു. മുറിയിലുണ്ടായിരുന്ന സംഘത്തിലെ മറ്റുള്ളവർ പരാതിക്കാരനെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി യുവതിക്കൊപ്പം നിർത്തി ഫോട്ടോ എടുത്തു. 5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി. ഭയന്ന മധ്യവയസ്കൻ 10,000 രൂപ അന്നും ബാക്കി തുക പിറ്റേന്നും നൽകി.

എന്നാൽ ഹണിട്രാപ്പ് സംഘം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നിർദ്ദേശം അനുസരിച്ച് പണം നൽകാനെന്ന വ്യാജേന സംഘാംഗങ്ങളെ വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു.സംഘം മറ്റ് ആളുകളേയും ഇത്തരത്തിൽ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

cake tower new
LATEST NEWS