ഡൽഹി: കേന്ദ്ര കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണ പരിധിയിലേക്ക് എത്തുമ്പോൾ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും സിഎംആര്‍എല്ലിനും കെഎസ്ഐഡിസിക്കും കുരുക്കുകളേറെ. അന്വേഷണം ഏറ്റെടുക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ ) അതിവേഗം പരിശോധനയിലേക്കും വിളിച്ചുവരുത്തിയുളള ചോദ്യം ചെയ്യലിലേക്കും കടക്കാൻ സാധ്യതയുണ്ട്. ഗുരുതരമായ കുറ്റകൃത്യമെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം.
കമ്പനീസ് ആക്ട് 212 എ ആൻഡ് സി ചട്ടം ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിലവിലെ അന്വേഷണം. ഇതാണ് എസ്എഫ്ഐഒയ്ക്ക് കൈമാറിയത്. പൊതുതാപര്യാർത്ഥവും, പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം. ഷോൺ ജോർജ് നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.
ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസിലെ ആറ് ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ആദ്യഘട്ടത്തിൽ മൂന്ന് കമ്പനികളിൽ നിന്നും എസ്എഫ്ഐഒ ഇടപാട് സംബന്ധിച്ച വിശദാംശങ്ങൾ തേടിയേക്കാം. അല്ലെങ്കിൽ നേരിട്ട് പരിശോധന നടത്താനോ കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്താനോ ഉള്ള സാധ്യതയുമുണ്ട്. അന്വേഷണത്തിൽ കുറ്റകൃത്യം തെളിഞ്ഞാൻ അറസ്റ്റിനും പ്രോസിക്യൂഷനും അടക്കം അധികാരമുള്ള ഏജൻസിയാണ് എസ്എഫ്ഐഒ.

















