ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ഇതുവരെ ചെലവഴിച്ചത് 16.19 കോടി രൂപ മാത്രമെന്ന് അടൂർ പ്രകാശ് എം. പിയുടെ ചോദ്യത്തിന് ടൂറിസം മന്ത്രി കിഷൻ റെഡ്ഢി ലോക്സഭയിൽ മറുപടി നൽകി. 2018 -19 ൽ 69.47 കോടി രൂപയുടെ പദ്ധതിക്കായിരുന്നു കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നത്. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
2019 ഫെബ്രുവരിയിൽ ആദ്യഘട്ടത്തിന് ശിലാസ്ഥാപനം അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന അൽഫോൻസ് കണ്ണന്താനം നിർവഹിച്ചു. തുടർന്ന് കേന്ദ്രസർക്കാർ ഈ പദ്ധതിയിൽ നിന്നും പിന്മാറുകയാണ് ചെയ്തത്. അതിനെ തുടർന്ന് പദ്ധതി റദ്ദാക്കുവാനുള്ള തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വക്കേറ്റ് അടൂർ പ്രകാശ് എം പി നിവേദനം നൽകി. ശിവഗിരി ടൂറിസം പദ്ധതി ഉൾപ്പെടെ 154 കോടി രൂപയുടെ തീർത്ഥാടന ടൂറിസം പദ്ധതിയിൽ നിന്നുമാണ് കേന്ദ്രം അന്ന് പിന്മാറിയത്.
ഈ പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിച്ചപ്പോൾ വലിയ പ്രതിഷേധമാണ് കേരളത്തിൽ ഉയർന്നത്. ഇതിനെ തുടർന്ന് എം പിയായ അഡ്വക്കേറ്റ് അടൂർ പ്രകാശ് ശിവഗിരിക്ക് വേണ്ടി ഇടപെടുകയും 2020 മെയ് മാസം 30-)o തീയതി അന്നത്തെ കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് കത്ത് നൽകുകയും ചെയ്തു. തുടർന്ന് എം.പിയുടെ നിരന്തര ഇടപലപടലുകളെ തുടർന്ന് ഈ പദ്ധതി നടപ്പിലാക്കുമെന്നും 2022 ഡിസംബർ മാസത്തിനകം പൂർത്തിയാക്കുമെന്നും എം. പി യ്ക്ക് കേന്ദ്ര മന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചിരുന്നു.
2022- ൽ പദ്ധതി തുക 66.42 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു. മൂന്ന് ഘട്ടങ്ങളിലായി 42.01 കോടി രൂപ അനുവദിച്ചതിൽ 16.19 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. ഒന്നും രണ്ടും ഘട്ടങ്ങളിൽ അനുവദിച്ച തുക മുഴുവനും മൂന്നാം ഘട്ടത്തിൽ അനുവദിച്ച തുകയുടെ 75 ശതമാന മെങ്കിലും വിനിയോഗിക്കുകയും ചെയ്ത് വിനിയോഗ സർട്ടിഫിക്കറ്റ് നൽകിയാലെ ഇനി തുക അനുവദിക്കൂ. പദ്ധതി വൈകുന്നതു സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല. പദ്ധതി നടപ്പാക്കുന്ന ഏജൻസിയായ ഐ.റ്റി ഡി.സി പ്രാദേശിക അനുമതികൾക്കായി കാത്തിരിക്കുന്നു എന്ന് മാത്രമാണ് മറുപടിയിൽ ഉള്ളത്.
സംസ്ഥാന വിനോദസഞ്ചാര മേഖലയ്ക്ക് ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കുന്നതിലൂടെ വലിയ നേട്ടം ഉണ്ടാകുമെന്ന് എം. പി അഭിപ്രായപ്പെട്ടു. ശിവഗിരി ടൂറിസം പദ്ധതി നടപ്പാക്കുന്നതിലൂടെ തിരുവനന്തപുരം ജില്ലയിലെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്ര വികസനം വരും എന്നതിൽ സംശയമില്ല എന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു. എന്നാൽ ശിവഗിരി ടൂറിസം പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നും തികഞ്ഞ അനാസ്ഥയാണെന്ന് അടൂർ പ്രകാശ് എം പി അറിയിച്ചു.

















