‘മകള്‍ രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലെന്ന് സംശയം, ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാം’; യുവതിയുടെ പിതാവ്

Jun 11, 2024

seena

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മകള്‍ രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണോ എന്ന് സംശയിക്കുന്നതായി യുവതിയുടെ പിതാവ്. മകളെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാം. ഇന്നലെ രാത്രി വിളിച്ചിരുന്നു. സുരക്ഷിതയാണെന്നാണ് പറഞ്ഞത്. ഒരാഴ്ച മുമ്പ് ജോലി സ്ഥലമായ തിരുവനന്തപുരത്തേയ്ക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് മകള്‍ ഇറങ്ങിയതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

‘കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ മകള്‍ മിസിങ് ആണ്. ഞാന്‍ സംശയിക്കുന്നത് അവരുടെ കസ്റ്റഡിയില്‍ ഉണ്ടായിരിക്കും എന്നതാണ്. അവളെ ഭീഷണിപ്പെടുത്തി ഇത്തരത്തില്‍ പറയിപ്പിച്ചതാകാം. അന്ന് തലയില്‍ മുഴയും കഴുത്തിലെ പാടുകളും മൂക്കില്‍ നിന്ന് വന്ന ചോരയും… ഇപ്പോള്‍ മൊഴി മാറ്റി പറയുന്നത് അവളെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണ്. അവനെ രക്ഷപ്പെടുത്താന്‍ വേണ്ടി. ഉന്നലെ രാത്രി വിളിച്ചിരുന്നു. സുരക്ഷിതയാണെന്നാണ് പറഞ്ഞത്.’- യുവതിയുടെ പിതാവിന്റെ വാക്കുകള്‍.

അതിനിടെ യുവതിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. ഭീഷണിപ്പെടുത്തി യുവതിയെ കൊണ്ട് മൊഴിമാറ്റിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി രാഹുലിനെതിരെ യുവതി കോടതിയില്‍ നല്‍കിയ രഹസ്യമൊഴി കണക്കിലെടുത്ത് മുന്നോട്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെ ഒന്നാംപ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കാട്ടി അഞ്ചുദിവസത്തിനകം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണത്തിനിടെ രാഹുല്‍ ജര്‍മ്മനിയിലേക്ക് കടക്കുകയായിരുന്നു. പ്രതികളെ സഹായിച്ച സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.

പരാതിക്കാരിയുടെ മൊഴിമാറ്റം പ്രതികള്‍ക്ക് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും പൊലീസ് പറയുന്നു. അതിനിടെ യുവതിയെ ഭീഷണിപ്പെടുത്തുകയോ വാഗ്ദാനങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് റദ്ദാക്കാനുള്ള സത്യവാങ്മൂലം പരാതിക്കാരി ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. യുവതി പൂര്‍ണ സമ്മതത്തോടെയാണ് ഒപ്പിട്ട് നല്‍കിയത്. തുടര്‍നടപടിക്കായി പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചതായും അഭിഭാഷകന്‍ പറഞ്ഞു.

ഇന്നലെയാണ് ഭര്‍ത്താവിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവാണെന്ന് യുവതി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. കുറച്ചുനാളുകളായി പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍ കുറെ അധികം നുണകള്‍ പറയേണ്ടി വന്നിട്ടുണ്ട്. തന്നെ അത്രയധികം സ്നേഹിച്ച, ഇഷ്ടപ്പെട്ട ഭര്‍ത്താവ് രാഹുലേട്ടനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് അത്രയേറെ മോശമായി പറയാന്‍ പാടില്ലായിരുന്നു. ആവശ്യമില്ലാത്ത വ്യാജ ആരോപണങ്ങള്‍ രാഹുലേട്ടന്റെ തലയില്‍ വയ്ക്കുകയായിരുന്നു. അത് തന്റെ മാത്രം തെറ്റാണെന്നുമായിരുന്നു യുവതി വീഡിയോയില്‍ പറഞ്ഞത്.

യുവതിയെ സ്്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചെന്ന കേസ് ഏറെ വിവാദമായിരുന്നു. രാഹുലിനും അമ്മയ്ക്കും സഹോദരിക്കുമെതിരെ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഈ കേസ് കൈകാര്യം ചെയ്ത 2 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അതിനിടെയാണു മുന്‍പ് പറഞ്ഞത് പൂര്‍ണമായി മാറ്റിപ്പറഞ്ഞ് യുവതി രംഗത്തു വന്നത്.

cake tower new
LATEST NEWS
സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഷാര്‍ജ...