കൊല്ലം: തീറ്റയായി പൊറോട്ടയും ചക്കയും നൽകി കൊല്ലം വെളിനല്ലൂരിൽ അഞ്ചു പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. ഇന്നലെ വൈകിട്ട് മുതലാണ് പശുക്കൾ കുഴഞ്ഞു വീണത്. പശുക്കൾക്ക് നൽകിയ തീറ്റയിൽ അമിതമായി പൊറോട്ടയും ചക്കയും ഉൾപ്പെടുത്തിയിരുന്നു.
ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്നുള്ള എമർജൻസി റസ്പോൺസ് ടീമെത്തി അവശനിലയിലായ കന്നുകാലികൾക്ക് ചികിത്സ നൽകി. ചത്ത പശുക്കളുടെ പോസ്റ്റ്മോർട്ടവും നടത്തി. പൊറോട്ടയും ചക്കയും തീറ്റയിൽ അമിതമായി ചേർത്തത് മൂലം വയര്‍ കമ്പനം നേരിട്ട് പശുക്കള്‍ ചാവുകയായിരുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു.
പശുക്കളുടെ തീറ്റയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകുമെന്ന് ഫാം സന്ദർശിച്ച മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പശുക്കളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

















