ആറ്റിങ്ങൽ: നഗരസഭയിലും കരവാരം ഗ്രാമപഞ്ചായത്തിലും ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമായി. പ്രധാന മുന്നണികൾ സ്ഥാനാർത്ഥികളെ തീരുമാനിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. പത്രിക സമർപ്പണം 11ന് അവസാനിക്കും. ആറ്റിങ്ങൽ നഗരസഭയിലെ 22 ആം വാർഡായ ചെറുവള്ളിമുക്ക്, 28 ാം വാർഡായ തോട്ടവാരം, കരവാരം ഗ്രാമപഞ്ചായത്ത് 12 ആം വാർഡായ പട്ടള, 16 ആം വാർഡായ ചാത്തമ്പറ എന്നിവിടങ്ങളിൽ ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
നാമനിർദ്ദേശപത്രിക സമർപ്പണം ജൂലൈ നാലിന് ആരംഭിച്ചിരുന്നു. 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഈ മാസം രണ്ടിന് നിലവിൽ വന്നിരുന്നു. കരവാരം പഞ്ചായത്ത് പ്രദേശം മുഴുവനും, നഗരസഭയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാണ്. ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

















