തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ കുറ്റം നിഷേധിച്ചു. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചശേഷമാണ് ശ്രീരാം വെങ്കിട്ടരാമൻ കുറ്റം നിഷേധിച്ചത്. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോഴും ശ്രീറാം ഹാജരാകാത്തതിനെ കോടതി വിമർശിച്ചിരുന്നു.
തുടർന്നാണ് ഇന്ന് ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരായത്. കുറ്റകരമായ നരഹത്യ ഉള്‍പ്പെടെ നാലു വകുപ്പുകള്‍ ചുമത്തിയാണ് ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം. കേസിൽ ശ്രീറാമിനൊപ്പം കാറിൽ യാത്ര ചെയ്ത വനിത സുഹൃത്ത് വഫയ്ക്കെതിരായ കുറ്റം ഹൈക്കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. 2019 ആഗസ്റ്റ് മൂന്നിന് അർദ്ധരാത്രിയാണ് ശ്രീറാം വെങ്കിട്ടരാമനും വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ കെ.എം ബഷീർ കൊല്ലപ്പെട്ടത്.


















