മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാറില്‍ അതിഥി വേഷത്തില്‍ ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനും എത്തിയിരുന്നു. 1999ല്‍ നടന്ന വിമാന റാഞ്ചലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ അമിതാഭ് ബച്ചന്‍ പ്രതിഫലം വാങ്ങിയില്ല. 2010ല്‍ തന്റെ ബ്ലോഗിലൂടെയാണ് കാണ്ഡഹാറിന്റെ വിശേഷങ്ങൾ ബിഗ് ബി പങ്കുവച്ചത്.
മോഹന്‍ലാലും മേജര്‍ രവിയും അമിതാഭ് ബച്ചനെ വീട്ടിലെത്തി കണ്ടാണ് ചിത്രത്തേക്കുറിച്ച് പറഞ്ഞത്. ഷൂട്ടിങ്
തീയതിയെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചുമെല്ലാം സംസാരിക്കാനാണ് അവരെത്തിയത്. താന്‍ ഏറെ ആരാധിക്കുന്ന മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ താന്‍ പ്രതിഫലം വാങ്ങിയില്ല എന്നാണ് ബിഗ് ബി കുറിച്ചത്.
സിനിമയുടെ കരാറില്‍ ഒപ്പുവെപ്പിക്കാനും പ്രതിഫലത്തെക്കുറിച്ചു പറയാനും മറ്റുമായാണ് അവര്‍ എത്തിയത്. മൂന്നു ദിവസത്തെ അതിഥി വേഷം ചെയ്യാന്‍ പ്രതിഫലമോ. അതും ഞാന്‍ ഏറെ ആരാധിക്കുന്ന മോഹന്‍ലാലിനൊപ്പം. അതിന്റെ ആവശ്യമില്ല. ഇതില്‍ അഭിനയിക്കാന്‍ ഞാന്‍ പണം വാങ്ങിയില്ല. മര്യാദയോടെ അവര്‍ എനിക്ക് ഓഫര്‍ ചെയ്ത ഓഫര്‍ വേണ്ടെന്നു പറഞ്ഞു. അവര്‍ക്ക് ചായ ഉണ്ടാക്കിക്കൊടുത്തു. കൈ കൊടുത്ത് പിരിഞ്ഞു. – എന്നാണ് അമിതാഭ് ബച്ചന്‍ കുറിച്ചത്.
2010ലാണ് കാണ്ഡഹാര്‍ ഒരുക്കുന്നത്. വീരമൃത്യു വരിക്കുന്ന സൈനിക ഉദ്യോഗസ്ഥന്റെ അച്ഛന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ എത്തിയത്.

















