അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റില്‍

Oct 17, 2024

seena

തൃശൂര്‍: തൃശൂരില്‍ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാര്‍ഥിയെ ഡയറി എഴുതിയില്ലെന്ന കാരണത്താല്‍ അധ്യാപികയായ സെലിന്‍ അടിച്ചുവെന്ന പരാതിയിലാണ് നടപടി.

സംഭവത്തില്‍ നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. അധ്യാപിക സ്വമേധയാ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിവരെ കോടതി അധ്യാപികയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് ക്ലാസ് ടീച്ചറായ സെലിന്‍ കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെ ക്രൂരമായി തല്ലുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കെയാണ് ഇന്നലെ അറസ്റ്റ് ചെയ്യുന്നത്.

സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും താന്‍ വഴങ്ങിയില്ലെന്നും രക്ഷിതാവ് പറഞ്ഞു. മാനേജുമെന്റിന്റെ സ്വാധീനത്തിന് വഴങ്ങി അധ്യാപികയെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. അതേസമയം, അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

cake tower new
LATEST NEWS