തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത മൂന്ന് ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര്‍ 13 മുതല്‍ 15 വരെ കേരളത്തില്‍ ഇടിമിന്നലോടെ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
നാളെ 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം
ഇന്ന് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
നാളെ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയുണ്ടെന്നും അതിനാല്‍ മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.