ബുദ്ധിമാന്ദ്യമുള്ള പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ചികിത്സക്കിടയിൽ സ്ഥിരമായി ലൈംഗികമായി പീഡിപ്പിച്ചു വന്ന ഫിസിയോതെറാപ്പിസ്റ്റിനെ തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം പി ഷിബു വിവിധ വകുപ്പുകളിലായി 44 വർഷം കഠിന തടവിനും എട്ടു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും ശിക്ഷിച്ചു.
നെയ്യാറ്റിൻകര പുത്തൻകട വാറുവിള പഞ്ചമിയിൽ 36 വയസ്സുള്ള ഷിനോജിനെ ആണ് കോടതി ശിക്ഷിച്ചത്. രണ്ടായിരത്തി പത്തൊൻപത്തിൽ ആണ് കസിന് ആസ്പദമായ സംഭവം നടന്നത്.
74 ശതമാനം വൈകല്യമുള്ള കുട്ടിയെ പതിനാറു വയസ്സുള്ളപ്പോൾ രക്ഷകർത്താക്കൾ തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയിൽ ഫിസിയോതെറാപ്പി ചികിത്സക്ക് കൊണ്ടുപോയി. അന്ന് അവിടെ ജോലി ചെയ്തിരുന്ന പ്രതിയായ ഷിനോജ് കുട്ടിയുടെ വീട്ടിൽ ചെന്ന് ചികിൽസിക്കാൻ തയ്യാറാണ് എന്നു പറയുകയും പിന്നീട് കുട്ടിയുടെ വീട്ടിലെത്തി ചികിത്സയെന്ന വ്യാജേന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി വരുകയായിരുന്നു.
കുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ രക്ഷകർത്താക്കൾ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ ആണ് കുട്ടി പീഡന വിവരം പുറത്തു വരുന്നത്. പരസഹായം ഇല്ലാതെ എഴുന്നേറ്റു നടക്കാൻ സാധിക്കാത്ത കുട്ടിയെ ആണ് പ്രതി ഇത്തരത്തിൽ പീഡിപ്പിച്ചു വന്നിരുന്നത്. പിഴ തുക പ്രതി ഒടുക്കിയില്ലെങ്കിൽ പ്രതി നാലു വർഷവും നാലു മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴ തുകയിൽ നിന്നും എട്ടു ലക്ഷം രൂപ കുട്ടിക്ക് നൽകുന്നത് കൂടാതെ ലീഗൽ സർവീസ് ആതോറിറ്റിയും കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിധിക്കുകയുണ്ടായി.
ഡി ജി പി യുടെ നിർദേശാനുസരണം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ആയ ബി അനിൽകുമാർ നേരിട്ട് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത്ത് പ്രസാദ്, അഭിഭാഷക വി സി ബിന്ദു എന്നിവർ ഹാജരായി.


















