ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് ഇനി നാല് നോമിനികള്‍ വരെയാകാം; ബാങ്കിങ് ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

Dec 4, 2024

seena

ന്യൂഡല്‍ഹി: ബാങ്കിങ് നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെ വരെ വെക്കാന്‍ വ്യവസ്ഥചെയ്യുന്നത് അടക്കമുള്ള ഭേദഗതികളാണ് ലോക്‌സഭ അംഗീകരിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതികളൊന്നും അംഗീകരിച്ചില്ല. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതോടൊപ്പം ബാങ്കിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് നിയമഭേദഗതിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

മെച്ചപ്പെട്ട നിയന്ത്രണം, കാര്യക്ഷമമായ ഓഡിറ്റിങ് എന്നിവയ്ക്കായി നിലവിലുള്ള അഞ്ച് നിയമങ്ങളില്‍ 19 ഭേദഗതികള്‍ നിര്‍ദേശിക്കുന്നതാണ് 2024 ലെ ബാങ്കിങ് നിയമഭേദഗതി ബില്‍. നിക്ഷേപകരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഉപഭോക്താവിന് ലഭിക്കുന്ന സേവനം മെച്ചപ്പെടുത്തതിനൊപ്പം ഇന്ത്യന്‍ ബാങ്കിങ് മേഖലയിലെ ഭരണം ശക്തിപ്പെടുത്താനും നിര്‍ദ്ദിഷ്ട ഭേദഗതികള്‍ സഹായിക്കുമെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

നിലവില്‍ നിക്ഷേപകര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ ഒരാളെയാണ് നോമിനായി ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നത്. ഇത് നാലായി ഉയര്‍ത്തുന്നതിലൂടെ നിക്ഷേപം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. കോവിഡ് കാലത്ത് ബാങ്ക് അക്കൗണ്ട് ഉടമകളും നോമിനിയും മരിച്ചതോടെ നിക്ഷേപം പിന്‍വലിക്കുന്നതു സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. അക്കൗണ്ട് ഉടമകള്‍ക്ക് നോമിനിയെ വെക്കുന്നതോടൊപ്പം ഇവര്‍ക്കുള്ള പങ്കാളിത്തം തീരുമാനിക്കാന്‍ കൂടി അനുമതി നല്‍കുന്നതാണ് പുതിയ ബില്‍. അവകാശിയില്ലാത്ത ലാഭവിഹിതം, ഓഹരികള്‍, പലിശ, ബോണ്ട് എന്നിവ ഇനി നിക്ഷേപകരുടെ വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക് മാറ്റാന്‍ ബില്‍ അനുമതി നല്‍കുന്നു. ഇത് വ്യക്തികളെ ഫണ്ടില്‍ നിന്ന് കൈമാറ്റങ്ങളോ റീഫണ്ടുകളോ ക്ലെയിം ചെയ്യാന്‍ അനുവദിക്കുന്നു.

അവകാശികളില്ലാത്ത നിക്ഷേപത്തിന്മേല്‍ നിക്ഷേപകരുടെ താത്പര്യങ്ങള്‍ പൂര്‍ണമായും പരിരക്ഷിച്ചുകൊണ്ട് വ്യക്തികള്‍ക്ക് അവകാശവാദമുന്നയിക്കുന്നതിന് വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതാണ് പുതിയ ബില്‍. അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ നിക്ഷേപ വിദ്യാഭ്യാസ സംരക്ഷണ നിധി ബോര്‍ഡിലേക്കാണ് മാറ്റുക. തര്‍ക്കമുള്ളവര്‍ക്ക് അവകാശമുന്നയിച്ച് ബോര്‍ഡിനെ സമീപിക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ബില്‍. ബാങ്കുകളില്‍ നിക്ഷേപമുള്ള ഡയറക്ടര്‍മാരുടെ ലാഭവരുമാനം നിലവിലെ അഞ്ചുലക്ഷത്തില്‍ നിന്ന് രണ്ടുകോടിയായി ഉയര്‍ത്താനും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു.

cake tower new
LATEST NEWS