ന്യൂഡൽഹി: ഡോ മൻമോഹൻ സിങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്ക് നഷ്ടമായത് വഴികാട്ടിയെയും ഉപദേഷ്ടാവിനെയുമാണെന്ന് രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങൾ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓർക്കുമെന്നും രാഹുൽ പറഞ്ഞു.
ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന നേതാവാണ് മൻമോഹൻ സിങ് എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ 92-ാം വയസിലാണ് മൻമോഹൻ സിങിന്റെ അന്ത്യം. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു.
ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും. സംസ്കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര് പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.



















