യുഎസ് തിരിച്ചയച്ച 205 ഇന്ത്യക്കാരുമായി വിമാനം ഇന്നെത്തും

Feb 5, 2025

seena

അമൃത്സർ: യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലാണു 205 യാത്രക്കാരുമായെത്തുന്ന അമേരിക്കൻ സൈന്യത്തിന്റെ സി–27 വിമാനം ഇറങ്ങുന്നത്. രാവിലെ വിമാനം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തിരിച്ചെത്തുന്നവരിൽ ഭൂരിഭാഗം പേരും പഞ്ചാബ് സ്വദേശികളാണെന്നാണ് വിവരം.

ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചതായി പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു. യുഎസിന്റെ തീരുമാനം നിരാശാജനകമാണെന്നു പഞ്ചാബ് എൻആർഐ മന്ത്രി കുൽദീപ് സിങ് ധലിവാൾ പറഞ്ഞു. യുഎസിലെ പഞ്ചാബികളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇക്കാര്യം അടുത്തയാഴ്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ചർച്ച ചെയ്യുമെന്നും ധലിവാൾ കൂട്ടിച്ചേർത്തു.

യുഎസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ ആകെയുള്ള 15 ലക്ഷം പേരിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലുള്ള ചർച്ചയിൽ വിഷയം വന്നിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും തമ്മിലും ചർച്ച ചെയ്തു. അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിലേക്ക് എത്തുമ്പോൾ എന്താണു ശരിയെന്നതു നടത്തുമെന്നായിരുന്നു മോദിയുമായുള്ള ചർച്ചകളിൽ ട്രംപ് സ്വീകരിച്ച നിലപാടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.

നാടുകടത്തുന്നതിന്റെ ഭാഗമായി ഇതുവരെ 5,000ൽ അധികം പേരെ ട്രംപ് ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. എൽ പാസോ, ടെക്സസ്, സാൻ ഡിയഗോ, കലിഫോർണിയ എന്നിവിടങ്ങളിൽനിന്നാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ഈ വിമാനങ്ങൾ അയച്ചത്. ലാറ്റിൻ അമേരിക്കയിലേക്ക് ഇതുവരെ ആറു വിമാനങ്ങളിൽ ആളുകളെ അയച്ചെങ്കിലും നാലെണ്ണം മാത്രമേ ലാൻഡ് ചെയ്തുള്ളൂ. ഇവയെല്ലാം ഗ്വാട്ടിമാലയിലാണ് ഇറങ്ങിയത്. കൊളംബിയയിലേക്ക് അയച്ച രണ്ട് വിമാനങ്ങൾ അവിടെയിറക്കാൻ രാജ്യം അനുമതി കൊടുത്തില്ല. ഇവിടുന്നുള്ളവരെ കൊണ്ടുപോകാൻ കൊളംബിയ രണ്ട് വിമാനങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു.

cake tower new
LATEST NEWS
എസ്എംഎസ് മാത്രം വിശ്വസിക്കരുത്, ‘യാത്രക്കാരൻ’ ഫോണിൽ ബന്ധപ്പെടും; പുതിയ തട്ടിപ്പ്, കെണിയിൽ വീഴരുത്

എസ്എംഎസ് മാത്രം വിശ്വസിക്കരുത്, ‘യാത്രക്കാരൻ’ ഫോണിൽ ബന്ധപ്പെടും; പുതിയ തട്ടിപ്പ്, കെണിയിൽ വീഴരുത്

കൊച്ചി: ഓൺലൈൻ ടാക്സി, ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ...