ഭാരതീയ വിചാരകേന്ദ്രം ആറ്റിങ്ങൽ സ്ഥാനീയ സമിതിയുടെ പ്രബന്ധാവതരണം ആറ്റിങ്ങൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ട്രയാങ്കിൾ എഡ്യൂക്കേഷണൽ സെന്ററിൽ വെച്ച് ആറ്റിങ്ങൽ സ്ഥാനീയസമിതി പ്രസിഡന്റ് ഷാജുവിന്റെ അധ്യക്ഷതയിൽ നടന്നു. കുമാരനാശാനും കായിക്കരയും എന്ന വിഷയത്തെ കുറിച്ച് അദ്ധ്യാപകനും എഴുത്തുകാരനും ആയ വർക്കല ഗോപാലകൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു.
കായിക്കരയിലെ പഴയകാല കുടുംബങ്ങളെകുറിച്ചും ഭൂശാസ്ത്രത്തെ കുറിച്ചും ഉള്ള അദ്ദേഹത്തിൻ്റെ വ്യക്തമായ അറിവുകൾ പങ്കുവെച്ചു. അതിനോടൊപ്പം കുമാരനാശാൻ്റെ ജനനം, വിദ്യാഭ്യാസ കാലഘട്ടം, ഭാഷാപരിജ്ഞാനം, എൻ കുമാരുവിൽ നിന്ന് മഹാകവി കുമാരനാശാനിലേക്കുള്ള പരിണാമം, ഗുരുദേവനുമായും ഡോ. പല്‍പ്പുവുമായുള്ള ബന്ധം, കൃതിയും രചിക്കപ്പെട്ട വർഷങ്ങളും, കൃതികളിലെ സ്ത്രീ പ്രാധാന്യം, കുടുംബജീവിതം തുടങ്ങിയവയും അദ്ദേഹത്തിൻ്റെ പ്രബന്ധത്തിൻ്റെ പ്രധാനഭാഗങ്ങളായി. തുടർന്ന് ആശാൻ്റെ മരണത്തിന് കാരണമായ റഡീമര്‍ ബോട്ട് അപകടത്തെ പറ്റിയും തുടർന്നുള്ള അന്വേഷണങ്ങളെ പറ്റിയും ഉള്ള അദ്ദേഹത്തിൻ്റെ പഠനങ്ങൾ കേൾവിക്കാരിലേക്ക് കൊണ്ടുവരികയും ചർച്ചയ്ക്ക് വിഷയമാകുകയും ചെയ്തു.
ജില്ലാ സെക്രട്ടറി ശശീന്ദ്രൻ ഉൾപ്പെടെ 12 പേർ പങ്കെടുത്തു. പ്രബന്ധാവതരണത്തിന് ശേഷം എക്സിക്യൂട്ടീവ് യോഗം ചേർന്നു. വരും മാസങ്ങളിലെ പ്രബന്ധാവതരണങ്ങളെ കുറിച്ചും മറ്റു പരിപാടികളെ കുറിച്ചും ചർച്ച ചെയ്തു.
27 ഏപ്രിൽ 2025 നു ബി ആർ അംബേദ്കറും ചരിത്രവും എന്ന വിഷയത്തെ കുറിച്ച് ശശീന്ദ്രൻ പ്രബന്ധം അവതരിപ്പിക്കും.
2 മെയ് 2025 ന് കുട്ടികളിലെ പഠനവൈകല്യങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി കിളിമാനൂർ
റ്റി.ഷാജിയുടെ പ്രബന്ധാവതരണം, 5 ജൂൺ 2025 പരിസ്ഥിതി ദിനാചരണം, 21 ജൂൺ 2025 ന് ശരീരവും മനസ്സും യോഗയിലൂടെ എന്ന വിഷയത്തിൽ വിദ്യ പി നമ്പൂതിരിയുടെ പ്രബന്ധാവതരണം എന്നിവ നിശ്ചയിച്ചു. തുടർന്ന്
ശാന്തി മന്ത്രത്തോടെ കാര്യപരിപാടികൾ അവസാനിച്ചു.



















