ദേശീയപാത ബൈപ്പാസ് നിർമാണത്തെ തുടർന്ന് കൊല്ലംപുഴ -കോട്ടപ്പുറം റോഡിൽ ഉണ്ടായ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി ഒ എസ് . അംബിക എംഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടർന്ന് റോഡിൽ ക്രമാതീതമായി വെള്ളം ഉയരുകയും 30 ഓളം കുടുംബങ്ങൾ ഒറ്റപ്പെടുകയും ചെയ്തിരുന്നു.
ദേശീയപാത ബൈപ്പാസ് നിർമാണത്തെ തുടർന്ന് നിലവിൽ ഉണ്ടായിരുന്ന തോട് അടഞ്ഞു പോയതിനെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. നിർമ്മാണ കമ്പനി അധികൃതരെ വിളിച്ചുവരുത്തി ഇക്കാര്യം ബോധ്യപ്പെടുത്തുകയും നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി താത്ക്കാലികമായി തോട് അടഞ്ഞതാണ് എന്നും നിർമ്മാണം പൂർത്തിയാകുമ്പോൾ ഇത് പരിഹരിക്കപ്പെടുമെന്ന് അവർ ഉറപ്പു നൽകിയതായും എം.എൽ.എ അറിയിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കൊല്ലമ്പുഴ – കോട്ടപ്പുറം റോഡ് നവീകരിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുമെന്നും എംഎൽഎ അറിയിച്ചു.


















