മംഗലപുരം: മംഗലപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മോഹന ചന്ദ്രന്റെ പതിനൊന്നാമത് ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനവും സി മോഹന ചന്ദ്രൻ സ്മാരക പുരസ്കാര സമർപ്പണവും എൻ. പീതാംബരക്കുറുപ്പ് എക്സ് എം പി നിർവഹിച്ചു.
സമ്മേളനത്തിൽ ജനപ്രതിനിധി ആയില്ലെങ്കിലും ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്ന നേതാവാണ് സി മോഹന ചന്ദ്രനെന്നും തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് മുതൽക്കൂട്ടായിരുന്നു മോഹന ചന്ദ്രൻ എന്നും പ്രതിസന്ധിഘട്ടങ്ങളിൽ മുന്നണി പോരാളിയായി കോൺഗ്രസ് പ്രവർത്തകരോടൊപ്പം നിന്ന ജനകീയ നേതാവായിരുന്നു മോഹനചന്ദ്രൻ എന്നും പീതാംബരക്കുറുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഈ വർഷത്തെ മോഹന ചന്ദ്രൻ സ്മാരക പുരസ്കാരം ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടറും പിന്നണി ഗായകനുമായ ജി ശ്രീറാമിനും, കർമ്മ ശ്രേഷ്ഠ പുരസ്കാരം ദേശീയ കായിക വേദി സംസ്ഥാന പ്രസിഡന്റും, കായിക വകുപ്പ് മുൻ അസിസ്റ്റന്റ് ഡയറക്ടറുമായ നജുമുദീനും അദ്ദേഹം സമർപ്പിച്ചു.
വിദ്യാഭ്യാസ പുരസ്കാരം സസ്യ ശാസ്ത്ര ബിരുദാനന്ദ ബിരുദത്തിൽ മൂന്നാം റാങ്കും യുവസസ്യ ശാസ്ത്രജ്ഞയ്ക്കുള്ള തിയോസ് അവാർഡും നേടിയ മുരുക്കുംപുഴ സ്വദേശി ശ്രുതി കൃഷ്ണനും, മാതൃകാ പൊതുപ്രവർത്തകനുള്ള അഡ്വ. വൈ നഹാസ് മെമ്മോറിയൽ പുരസ്കാരം വക്കം സുകുമാരനും സിഎംപി സംസ്ഥാന സെക്രട്ടറി സി പി ജോൺ സമർപ്പിക്കുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. കായിക പുരസ്കാരം നാഷണൽ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ വൃന്ദ ആർഎസിനും, സർവീസ് പെൻഷൻ കാരെയും മുതിർന്ന കോൺഗ്രസ് നേതാക്കളെയും ഭാരവാഹികളെയും പൊതുജന്യരോഗ വിദഗ്ധൻ ഡോക്ടർ എസ് എസ് ലാലിനേയും ആദരിച്ചു.
രാവിലെ മുരുക്കുംപുഴയിൽ മോഹനചന്ദ്രന്റെ ചായ ചിത്രത്തിൽ കെ മോഹനൻ കുമാർ എക്സ് എം എൽ എയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. അഡ്വക്കേറ്റ് സി മോഹന ചന്ദ്രൻ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് എ നൗഷാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രൊഫസർ തോന്നക്കൽ ജമാൽ, കെ എസ് അജിത്, ബി എസ് അനൂപ്, എസ് കൃഷ്ണകുമാർ, വി കെ രാജു, എം എസ് നൗഷാദ്, അഡ്വ അൽത്താഫ്, അഡ്വ. എസ്. ഹാഷിം, മഹിൻ എം കുമാർ, പുതുകരീ പ്രസന്നൻ, പങ്ങപ്പാറ അശോകൻ, മാടൻവിള നൗഷാദ്, ഉദയ കുമാരി, കെ പി ലൈല, വസന്ത കുമാരി, അജിത മോഹൻദാസ്, കുന്നുംപുറം വാഹിദ്, എ ആർ നിസാർ, ലതീഷ് കരൂർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി, സ്വാഗത സംഘം ചെയർമാൻ കൈലാത്തുക്കോണം അനിൽ സ്വാഗതവും ജനറൽ കൺവീണർ എ മൻസൂർ കൃതജ്ഞതയും രേഖപ്പെടുത്തി.


















