ഇരട്ട ന്യൂനമര്‍ദ്ദം?: വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ

Sep 23, 2025

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച വരെയുള്ള മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗംഗാതട പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇതു ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ഇതിന് പിന്നാലെ വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാമത്തെ ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകാന്‍ പോകുന്നതെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ചയോടെ മധ്യ കിഴക്കന്‍ – വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായാണ് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നത്. വെള്ളിയാഴ്ചയോടെ വടക്കന്‍ ആന്ധ്രാ – തെക്കന്‍ ഒഡിഷ തീരത്തിന് സമീപം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ച് ശനിയാഴ്ചയോടെ വടക്കന്‍ ആന്ധ്രാ – തെക്കന്‍ ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

cake tower new
LATEST NEWS
കിടക്കയില്‍ പാമ്പ്, പൂനൂരില്‍ 22 കാരന് പാമ്പുകടിയേറ്റു; കിളിമാനൂരില്‍ യുവതിക്കും കടിയേറ്റു

കിടക്കയില്‍ പാമ്പ്, പൂനൂരില്‍ 22 കാരന് പാമ്പുകടിയേറ്റു; കിളിമാനൂരില്‍ യുവതിക്കും കടിയേറ്റു

കോഴിക്കോട് : കോഴിക്കോട് പൂനൂരിലും 22 കാരന് പാമ്പു കടിയേറ്റു. പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനാണ്...