യുപിഐ ഡിജിറ്റള്‍ പേയ്‌മെന്റ് സിസ്റ്റത്തിലെ ഏറ്റവും വലിയ സുരക്ഷാ അപ്‌ഡേറ്റാണ് ഇന്നലെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിച്ചത്. യുപിഐ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിലവില്‍ പിന്‍ സംവിധാനമാണ് ഉള്ളത്. യുപിഐ ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി ബയോമെട്രിക് ഓതന്റിക്കേഷന്‍ അടക്കം മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍. യുപിഐ വെരിഫിക്കേഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ പുതിയ ഫീച്ചറായ ബയോമെട്രിക് ഓതന്റിക്കേഷന്‍ കൊണ്ടുവന്നത്. ഇതനുസരിച്ച് ഫോണ്‍പേ, ഗൂഗിള്‍പേ, പേടിഎം പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ അവരുടെ യുപിഐ ആപ്പുകളില്‍ ഇന്നുമുതല്‍ മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
![]()
നിലവില്‍ യുപിഐ ഇടപാടുകള്‍ അന്തിമമാക്കാന്‍ പിന്‍ ആണ് ഉപയോഗിക്കുന്നത്. പിന്‍ പ്രക്രിയ തുടരുന്നതിനൊപ്പം ഇടപാട് കൂടുതല്‍ വേഗത്തിലും സുരക്ഷിതവുമായി നടത്താന്‍ ബദലായി ഫേഷ്യല്‍, ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ പരിഷ്‌കാരം. ഇന്ത്യയുടെ തിരിച്ചറിയല്‍ സംവിധാനമായ ആധാറിന്റെ പിന്തുണയോടെയാണ് ബയോമെട്രിക് ഓതന്റിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2025ല്‍ മൂന്ന് പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് ഫീച്ചറുകളാണ് അവതരിപ്പിച്ചത്. പേയ്മെന്റുകള്‍ ലളിതവും കൂടുതല്‍ ആക്സസ് ചെയ്യാവുന്നതുമാക്കുന്നതിനായി ധനകാര്യ സേവന വകുപ്പ് സെക്രട്ടറി എം നാഗരാജു ആണ് മൂന്ന് ഫീച്ചറുകളും പ്രഖ്യാപിച്ചത്. യുപിഐ ഇടപാടുകള്‍ക്കുള്ള ഓണ്‍-ഡിവൈസ് ബയോമെട്രിക് ഓതന്റിക്കേഷന്‍, യുപിഐ പിന്‍ സജ്ജീകരിക്കുന്നതിനോ പുനഃസജ്ജമാക്കുന്നതിനോ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് റെക്കഗിനേഷന്‍, ബിസിനസ് കറസ്പോണ്ടന്റ് വഴി യുപിഐ ഉപയോഗിച്ച് മൈക്രോ എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കല്‍ എന്നിവയാണ് പുതിയ മാറ്റങ്ങള്‍.

യുപിഐ പിന്നിന് പകരം സ്മാര്‍ട്ട്ഫോണിന്റെ ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്‌സ്് അണ്‍ലോക്ക് ഉപയോഗിച്ച് പേയ്മെന്റുകള്‍ അന്തിമമാക്കാന്‍ ഓണ്‍-ഡിവൈസ് ബയോമെട്രിക് ഓപ്ഷന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. സുരക്ഷിതവും വേഗമേറിയതുമായ ഇടപാടുകള്‍ ഉറപ്പാക്കാന്‍ ക്രിപ്റ്റോഗ്രാഫിക് പരിശോധന ബാങ്കുകള്‍ ഉറപ്പാക്കുന്നു. ഈ സൗകര്യം ഓപ്ഷണലാണ്.
ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങളുടെയോ ഒടിപികളുടെയോ ആവശ്യകത ഇല്ലാതെ തന്നെ യുപിഐ പിന്‍ സജ്ജീകരിക്കാനോ പുനഃസജ്ജമാക്കാനോ ഉപയോക്താക്കളെ സഹായിക്കുന്ന തരത്തിലാണ് രണ്ടാമത്തെ ഫീച്ചര്‍.
ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് റെക്കഗിനേഷന്‍ വഴിയാണ് ഇത് ചെയ്യാന്‍ സാധിക്കുന്നത്. യുഐഡിഎഐയുടെ ഫെയ്‌സ്ആര്‍ഡി ആപ്പ് വഴി ഫേഷ്യല്‍ വെരിഫിക്കേഷന്‍ വഴിയാണ് ഇത് ചെയ്യേണ്ടത്. ഉപയോക്താക്കള്‍ക്ക് ആധാര്‍ ഒടിപി സ്ഥിരീകരണ പ്രക്രിയയ്ക്ക് പകരം ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ്് ഓതന്റിക്കേഷന്‍ വഴി യുപിഐ പിന്‍ മാറ്റാന്‍ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യമായി ഉപയോഗിക്കുന്നവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യും. ബിസിനസ് കറസ്പോണ്ടന്റ് വഴി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ ആപ്പ് വഴി പണം പിന്‍വലിക്കുന്നതാണ് മൂന്നാമത്തെ ഫീച്ചര്‍. ഗ്രാമപ്രദേശങ്ങളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും.
ബയോമെട്രിക് ഓതന്റിക്കേഷന്റെ ഗുണങ്ങള്‍
യുപിഐ ആപ്പുകള്‍ക്കായുള്ള പുതിയ ബയോമെട്രിക് ഓതന്റിക്കേഷന്‍ വേഗത്തിലുള്ള പേയ്മെന്റ് പ്രക്രിയ കൊണ്ടുവരും
ബയോമെട്രിക്‌സ് ഉപയോഗിക്കുന്നത് കൂടുതല്‍ സുഗമവും തടസ്സരഹിതവുമായിരിക്കും.
ഇത് പിന്‍ നമ്പറിന് പകരമായിരിക്കും. കൂടാതെ യുപിഐ പിന്‍ മാറ്റുന്നതിനുള്ള ആധാര്‍-ഒടിപി പ്രക്രിയയെയും നീക്കംചെയ്യും.
ഉപയോക്താവിന്റെ ആധാര്‍ ചട്ടക്കൂടുമായി ബന്ധിപ്പിക്കുന്നതിനാല്‍, യുപിഐയുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകളെയും പിന്‍ നമ്പറുമായി ബന്ധപ്പെട്ട വഞ്ചനയെയും ചെറുക്കാന്‍ ഇത് സഹായിക്കുമെന്ന് എന്‍പിസിഐ ഉറപ്പുനല്‍കുന്നു.
![]()


















