കോടതിയെ ബഹുമാനിക്കുന്നു; നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ: ‘അമ്മ’

Dec 8, 2025

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതേ വിട്ടതിന് പിന്നാലെ സാമൂഹിക മാധ്യമ കുറിപ്പുമായി ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ. ‘അമ്മ കോടതിയെ ബഹുമാനിക്കുന്നു’-വിധി വന്നതിന് പിന്നാലെ സംഘടന ഫെയ്‌സ്ബുക്കില്‍ കുറിച്ചു

കേസില്‍ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്നും അവര്‍ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിധിന്യായത്തില്‍ പറഞ്ഞു. 12നാണ് ശിക്ഷാവിധി. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നെന്നും തന്റെ കരിയറും ജീവിതവും നശിപ്പിക്കാനായിരുന്നു അതെന്നും കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാര്‍ഥിച്ചവരോടും നന്ദി പറയുന്നെന്നുമായിരുന്നു വിധി വന്ന ശേഷം ദിലീപിന്റെ പ്രതികരണം.

2017 ഫെബ്രുവരി 17നായിരുന്നു ഓടുന്ന വാഹനത്തില്‍വച്ച് നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാര്‍ത്ത കേരളം ഞെട്ടലോടെ കേട്ടത്. തൊട്ടടുത്ത ദിവസംതന്നെ പ്രതികള്‍ ഓരോരുത്തരായി പൊലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ നടന്‍ ദിലീപിലേക്ക് അന്വേഷണം നീണ്ടു. കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 28-ന് ദിലീപിനെ പൊലീസ് ചോദ്യംചെയ്യുകയും ജൂലായ് 10-ന് നടനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നീണ്ട വിചാരണാ നടപടികള്‍ക്കൊടുവിലാണ് കേസില്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടത്.

cake tower new
LATEST NEWS