ഫെഫ്കയില്‍ നിന്നും രാജിവച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മിയുടെ രാജി. ഇനി ഒരു സംഘടനയുടേയും ഭാഗമാകില്ല താനെന്നാണ് ഭാഗ്യലക്ഷ്മി അറിയിച്ചിരിക്കുന്നത്.
സെഷന്‍സ് കോടതി വിധിയെ അന്തിമ വിധിയെന്ന നിലയിലാണ് സംഘടനകള്‍ കാണുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ദിലീപ് കുറ്റക്കാരനല്ലെന്ന് സുപ്രീം കോടതി പറയണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
വിധിക്ക് പിന്നാലെ ദിലീപിനെ പുറത്താക്കിയത് വേഗത്തിലായിരുന്നുവെന്നും അപേക്ഷ തന്നാല്‍ ദിലീപിനെ സംഘടനയിലേക്ക് തിരികെയെടുക്കുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. നിര്‍മാതാക്കളുടെ സംഘടനയുടെ പ്രതിനിധി ബി രാഗേഷും സമാന പ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി.






















