തിരുവനന്തപുരം: സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ മണ്ണില്‍ കത്തും ഫോമില്‍ ബാറ്റ് വീശി ഇഷാന്‍ കിഷന്‍. അഞ്ചാം ടി20യില്‍ താരം സെഞ്ച്വറിയുമായി കളം വാണു. താരം 42 പന്തില്‍ 103 റണ്‍സടിച്ചാണ് സെഞ്ച്വറി തൊട്ടത്. താരത്തിന്റെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറി. 10 സിക്‌സും 6 ഫോറും സഹിതമാണ് കന്നി ശതകം.
ഇഷ് സോധി എറിഞ്ഞ 12ാം ഓവറിലെ എല്ലാ പന്തും ബൗണ്ടറി പായിച്ച് ഇഷാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ആവേശത്തിലാക്കിയാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. സോധിയുടെ ഈ ഓവറില്‍ താരം 4 ഫോറും 2 സിക്‌സും സഹിതം 28 റണ്‍സ് അടിച്ചെടുത്തു. ഈ ഓവറില്‍ ആദ്യ പന്ത് വൈഡായതോടെ ഓവറില്‍ 29 റണ്‍സും പിറന്നു.
അഞ്ചാം പോരാട്ടത്തില്‍ ഇലവനില്‍ തിരിച്ചെത്തിയ ഇഷാന്‍ 28 പന്തില്‍ 51 റണ്‍സെടുത്താണ് അര്‍ധ സെഞ്ച്വറി തികച്ചത്. ഇഷ് സോധിയുടെ ആദ്യ പന്തില്‍ ഫോറടിച്ചാണ് താരം അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെയാണ് ശേഷിക്കുന്ന അഞ്ച് പന്തുകളും താരം ബൗണ്ടറിയിലേക്ക് പറത്തിയത്. പിന്നാലെ വന്ന ലോക്കി ഫെര്‍ഗൂസന്റെ രണ്ടാം പന്ത് നേരിട്ട് അതും സിക്‌സറിലേക്ക് പായിച്ചു.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണ്‍ ഫോമിലെത്തുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ താരം നിരാശപ്പെടുത്തുന്നതു കണ്ടാണ് പോരാട്ടം തുടങ്ങിയത്. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്‌സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്‌സിനു പിടി നല്‍കിയാണ് താരത്തിന്റെ മടക്കം.
സഞ്ജുവിനു പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. മിന്നും തുടക്കമാണ് അഭിഷേക് ഒരിക്കല്‍ കൂടി ടീം ഇന്ത്യക്കു നല്‍കിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റേയും മടക്കം. 16 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം അഭിഷേക് 30 റണ്‍സ് അടിച്ചെടുത്തു. മൂന്നാം വിക്കറ്റിൽ ഇഷാനും സൂര്യയും ചേർന്നു 137 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്.
















